Sorry, you need to enable JavaScript to visit this website.

കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് -കോടിയേരി

തിരുവനന്തപുരം- കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കണം എന്നാണ് അവർ ഉദ്ദേശിക്കുന്നത്. വെടിവെപ്പ് ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച് നടത്തുന്നതാണെന്നും അവരുടെ ലക്ഷ്യം വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
വികസന പദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിർക്കുകയാണ് ഇവർ. യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചു ചേർന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നു. കല്ലെടുത്തു മാറ്റിയാൽ പദ്ധതി ഇല്ലാതാവുമോ എന്നും അദ്ദേഹം ചോദിച്ചു. 
കേന്ദ്ര സഹായം കുറഞ്ഞു, വരുമാനം വേണം, സ്വകാര്യ മൂലധനത്തെ ആശ്രയിക്കുമെന്നും നവകേരള രേഖ പൊതുസമൂഹത്തിന് മുന്നിൽ പ്രകാശിപ്പിച്ച് അദ്ദേഹം പറഞ്ഞു. 25 വർഷത്തേക്കുള്ള കർമ പദ്ധതിയാണിത്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെ ഉയർ ത്തണം. 
അടിസ്ഥാന വർഗത്തേയും ഉയർത്തണം. എല്ലാ മേഖലയിലും സർക്കാർ ഇടപെടലാണ് നവകേരള രേഖ ശുപാർശ ചെയ്യുന്നത്. 
സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ന്യായമായ പരിഗണന നൽകുന്നില്ല. സഹായം കുറയുകയാണ്. പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. 
പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തേയും ആശ്രയിക്കണം. നാടിന്റെ താൽപര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കും. നിബന്ധനകൾ പരിശോധിക്കണം. ശക്തമായ സാമൂഹ്യ നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമത ലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാർത്തെടുക്കണം. 
ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാർഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവർധിത ഉൽപന്നങ്ങൾ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടൽ വേണം. അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങൾക്ക് പൂർണമായി കിട്ടണം. സഹകരണ മേഖല വികസന കാര്യങ്ങൾക്കായി ഇടപെടണം. 
പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടർച്ചക്ക് ദിശാബോധം നൽകാനാണ് രേഖ. ഘടക കക്ഷികളുടെ അഭിപ്രായവും തേടും. അതോടെ എൽ.ഡി.എഫിന്റെ പുതിയ രേഖയ്ക്ക് രൂപമാകും. 
എൽ.ഡി.എഫ് രേഖ സർക്കാർ നടപ്പാക്കും. വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമങ്ങൾ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
 

Latest News