കോഴിക്കോട്- വിലപേശിയാണ് സി.പി.ഐ രാജ്യസഭാ സീറ്റ് കരസ്ഥമാക്കിയതെന്ന എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിന്റെ ആരോപണം ഇടതു മുന്നണിയിൽ വിവാദങ്ങൾക്ക് വഴി തുറക്കുന്നു. കെ-റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സി.പി.ഐ സർക്കാരിനോട് പൂർണമായും അനുകൂല നിലപാടല്ല സ്വീകരിച്ചിരുന്നത്. ഈ വിഷയം തണുപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാന പ്രകാരമാണ് സി.പി.ഐക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്ന് മുന്നണിക്കുള്ളിൽ നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നു.
എന്നാൽ ഇക്കാര്യം ആരും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇത് പരസ്യമായതോടെ സി.പി.എമ്മും സി.പി.ഐയും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റിൽ രണ്ടെണ്ണത്തിൽ തങ്ങളുടെ സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള അംഗബലം ഇടതു മുന്നണിക്കുണ്ട്. കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, സി.പി.എം നേതാവ് കെ.സോമപ്രസാദ്, എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവ് വന്നത്. മാർച്ച് 31 നാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തന്റെ കാലാവധി കഴിയുമ്പോൾ ഈ സീറ്റ് എൽ.ജെ.ഡിക്ക് തന്നെ നൽകുമെന്നും ഇതുവഴി തനിക്ക് ഒരു തവണ കൂടി രാജ്യസഭയിലെത്താൻ അവസരം ലഭിക്കുമെന്നും ശ്രേയാംസ് കുമാർ പ്രതീക്ഷിച്ചിരുന്നു. അതിനായി ശക്തമായിത്തന്നെ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ജയസാധ്യതയുള്ള രണ്ടു സീറ്റുകളിലും ഇത്തവണ സി.പി.എം തന്നെ മത്സരിക്കണമെന്നും ഘടക കക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സി.പി.എം നേതൃത്വം ഏകദേശ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം ശ്രേയാംസ് കുമാറിനെ സി.പി.എം നേതൃത്വം അറിയിക്കുകയും ചെയ്തു.
എന്നാൽ ഇടതു മുന്നണി യോഗം ചേർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി ഒരു സീറ്റ് സി.പി.ഐക്ക് നൽകുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സാധാരണയിൽ കവിഞ്ഞ വലിയ അവകാശവാദമൊന്നും അതുവരെ രാജ്യസഭാ സീറ്റിന് വേണ്ടി സി.പി.ഐ ഉന്നയിച്ചിരുന്നില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സീറ്റ് സി.പി.ഐക്ക് നൽകുന്നതാണ് ഉചിതമെന്നാണ് മുഖ്യമന്ത്രി ഇടതു മുന്നണി യോഗത്തിൽ പറഞ്ഞിരുന്നത്.
തങ്ങളുടെ സീറ്റ് അപ്രതീക്ഷിതമായി സി.പി.ഐക്ക് നൽകിയതിൽ എൽ.ജെ.ഡി കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നെങ്കിലും മറ്റ് ഘടക കക്ഷികളൊന്നും തന്നെ ഇതിനെ എതിർത്തില്ല. തീരുമാനം ഉണ്ടായ ഉടൻ തന്നെ മറ്റ് വിവാദങ്ങൾക്ക് ഇടം നൽകാതെ സി.പി.ഐ തങ്ങളുടെ സ്ഥാനാർഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിനെ പ്രഖ്യാപിക്കുകയും ചെയ്തു. കെ-റെയിൽ വിഷയത്തിൽ നേരത്തെ തന്നെ സി.പി.ഐയിൽ എതിർപ്പുകളുണ്ടായിരുന്നു. ഇക്കാര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. കെ-റെയിലിനെതിരെയുള്ള പ്രക്ഷോഭം വ്യാപകമാകുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കാളികളാകുകയും ചെയ്യുന്നത് ഇടതു മുന്നണി നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്.
മാത്രമല്ല പലയിടത്തും സമരങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് സമർഥമായി മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും തീരുമാനം. എന്തു തന്നെ പ്രശ്‌നങ്ങൾ ഉണ്ടായാലും കെ-റെയിൽ പദ്ധതി മുന്നോട്ട് തന്നെ കൊണ്ടുപോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ സർക്കാറിലെ പ്രധാന കക്ഷിയായ സി.പി.ഐയുടെ പൂർണ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ഭരണ മുന്നണിയിൽ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ പ്രതിപക്ഷത്തിനും കെ-റെയിൽ പദ്ധതിക്കെതിരെ സമര രംഗത്തുള്ളവർക്കും വലിയ ഊർജം പകരും. സർക്കാറിന്റെ പുതിയ മദ്യനയത്തിലും സി.പി.ഐക്ക് എതിർപ്പുകളുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സി.പി.ഐക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്നാണ് ഉയരുന്ന ആരോപണം. ഇതിന് വേണ്ടി സി.പി.ഐ വിലപേശിയിരുന്നുവെന്നാണ് എം.വി.ശ്രേയാംസ് കുമാർ ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.