Sorry, you need to enable JavaScript to visit this website.

യു.എസ് വിദേശ മന്ത്രിയുടെ സന്ദർശനം: റിപ്പോർട്ട് നിഷേധിച്ച് സൗദി 

റിയാദ്- അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ സമീപ ഭാവിയിൽ സൗദി അറേബ്യ സന്ദർശിക്കുമെന്ന് സൗദി വിദേശ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വിദേശ മന്ത്രാലയം. അമേരിക്കൻ വിദേശ മന്ത്രിയുടെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട് തങ്ങൾ ഒരു പ്രസ്താവനയും നൽകിയിട്ടില്ലെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി. ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരായ ചേരി കെട്ടിപ്പടുക്കാനും എണ്ണയുൽപാദനം ഉയർത്തുന്നതിന് പ്രേരിപ്പിക്കാനും, സൗദിയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുമായി ബ്ലിങ്കൻ വൈകാതെ സൗദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അബുദുബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായും ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സൗദി, യു.എ.ഇ നേതാക്കൾ ബൈഡനുമായി സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
സൗദി-അമേരിക്കൻ ബന്ധം വഷളായതിൽ കടുത്ത വിമർശനമാണ് ജോ ബൈഡൻ ഭരണകൂടം നേരിടുന്നത്. തങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്ന പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ സൗദി അറേബ്യ അടക്കം മധ്യപൗരസ്ത്യദേശത്തെ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ ശ്രമിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് അമേരിക്കൻ പ്രതിരോധ മന്ത്രിയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സൈമൺ ലെഡീൻ പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾക്കു നേരെ ഇറാൻ ആക്രമണങ്ങൾ നടത്തുമ്പോൾ അമേരിക്ക എവിടെയാണെന്നാണ് സഖ്യരാജ്യങ്ങൾ ആരായുന്നത്. ഇറാൻ പ്രശ്‌നത്തിൽ ബൈഡൻ സ്വീകരിക്കുന്ന അയഞ്ഞ നയം മേഖഖലക്കും ആഗോള സമൂഹത്തിനും ഭീഷണിയാണ്. തങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്ന മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ ഇത് സഖ്യരാജ്യങ്ങളെ പ്രേരിപ്പിക്കും. 
അമേരിക്കയിലുള്ള സൗദി അറേബ്യയുടെ വിശ്വാസം പുനഃസ്ഥാപിക്കാനും സൗദി-അമേരിക്കൻ ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാനും ബൈഡൻ ഏതാനും നടപടികൾ സ്വീകരിക്കണം. യെമൻ യുദ്ധവുമായി ബന്ധപ്പെട്ട് പരാജയപ്പെട്ട നയത്തിൽ അമേരിക്ക മാറ്റം വരുത്തുകയാണ് ഇതിൽ ആദ്യം ചെയ്യേണ്ടത്. ദശലക്ഷക്കണക്കിന് യെമനികളെ ദുരിതക്കയത്തിലാക്കുന്ന യുദ്ധത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികളാണ്. ഇത് അമേരിക്കൻ ജനത വ്യക്തമായി മനസ്സിലാക്കണം. ഹൂത്തികളെ അമേരിക്ക വീണ്ടും ഭീകര പട്ടികയിൽ പെടുത്തുകയും സാധ്യമായ എല്ലാ ഉപരോധങ്ങളും ഹൂത്തികൾക്കും ഇറാനുമെതിരെ ബാധകമാക്കുകയും വേണമെന്ന് സൈമൺ ലെഡീൻ ആവശ്യപ്പെട്ടു. 
ബൈഡൻ ഭരണകൂടത്തിന്റെ അശ്രദ്ധ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള 80 വർഷത്തെ ചരിത്രപരവും ശക്തമവുമായ ബന്ധത്തെ തകർക്കുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാകാര്യ വിദഗ്ധയായ അഭിഭാഷക ഇരിന സുക്കർമാൻ പറഞ്ഞു. ബൈഡൻ ഭരണകൂടത്തിന്റെ പരാജയം മുതലെടുത്ത് സൗദി അറേബ്യയെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലെ സംഭവവികാസങ്ങൾ ബൈഡൻ ഭരണകൂടത്തെ അശ്രദ്ധയിൽനിന്ന് ഉണർത്താൻ ഇടയാക്കിയേക്കും. സൗദി അറേബ്യയെ കണക്കിലെടുക്കാതെയും മാനിക്കാതെയുമാണ് ബൈഡൻ തന്റെ ഭരണ കാലം തുടങ്ങിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളാകുന്നതിലേക്ക് നയിച്ചു. 
യാതൊരുവിധ കാരണവുമില്ലാതെ ഹൂത്തികളെ ഭീകര പട്ടികയിൽനിന്ന് അമേരിക്ക നീക്കം ചെയ്തത് ഇതിനു പുറമെയാണ്. അമേരിക്കയുടെ ഈ നടപടി യെമൻ യുദ്ധത്തിൽ ഒരു ഫലവും ചെയ്തില്ല. യെമൻ യുദ്ധത്തിന് ഉത്തരവാദികൾ ഹൂത്തികളാണെന്ന് ബൈഡൻ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവർ തന്നെ അംഗീകരിക്കുന്നു. ഹൂത്തികളുമായി രാഷ്ട്രീയ ധാരണകൾക്ക് അമേരിക്ക പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഹൂത്തികൾക്കു മേൽ അമേരിക്ക മതിയായ സമ്മർദം ചെലുത്തിയില്ല. ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് കൂട്ടായി ശ്രമിക്കുന്നതിനു പകരം സൗദി അറേബ്യയുടെ പ്രതിരോധ ആവശ്യങ്ങൾ അമേരിക്ക നിറവേറ്റണമായിരുന്നു. 
സൗദി-അമേരിക്കൻ ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം ബൈഡൻ ഭരണകൂടം പാഴാക്കി. അമേരിക്കൻ ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അനുഗണമായ തീരുമാനങ്ങളെടുക്കുന്നതിൽ പരാജയപ്പെട്ട ബൈഡൻ ഭരണകൂടം സൗദി അറേബ്യയുടെ സുരക്ഷാ പരിഗണനകൾ കണക്കിലെടുക്കുകയും ചെയ്തില്ലെന്ന് ഇരിന സുക്കർമാൻ പറഞ്ഞു. 
ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കേണ്ട ആവശ്യമുണ്ടായപ്പോൾ മാത്രമാണ് സൗദി-അമേരിക്കൻ ബന്ധത്തിന്റെ പ്രാധാന്യം ബൈഡൻ ഭരണകൂടം മനസ്സിലാക്കിയതെന്ന് അമേരിക്കയിലെ ഡിഫൻസ് ഓഫ് ഡെമോക്രമസി ഇൻസ്റ്റിറ്റിയൂട്ട് സീനിയർ റിസേർച്ചർ ജോനാഥൻ ഷാൻസർ പറഞ്ഞു. സൗദി-അമേരിക്കൻ ബന്ധങ്ങളെ ദോഷകരമായി ബാധിച്ച നിരുത്തരവാദപരമായ കാര്യങ്ങളാണ് ബൈഡൻ ഭരണകൂടം തെരഞ്ഞെടുത്തതെന്നും ഷാൻസർ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് ബൈഡൻ സ്വീകരിച്ച നയങ്ങൾ അമേരിക്കയുടെ സഖ്യരാജ്യങ്ങളെ രോഷാകുലരാക്കകുകയും ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്തതായി 28 വർഷത്തിലേറെ കാലം ഇന്റലിജൻസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച മൈക്കൾ പ്രെഗന്റ് പറഞ്ഞു.
 

Latest News