റിയാദ്- സൗദിയിൽ ഓൺലൈൻ വ്യാപാര വളർച്ചയും മികച്ച നിക്ഷേപാവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് ആമസോൺ കമ്പനിയും സൗദി നിക്ഷേപ മന്ത്രാലയവും കൈകോർക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിന്റെയും ആമസോൺ മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് റൊണാൾ മശ്ഹൂറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
നിക്ഷേപാവസരങ്ങൾ കണ്ടെത്താനും പ്രാദേശിക ശേഷികൾ സൃഷ്ടിക്കാനും, ഓൺലൈൻ വ്യാപാര മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആഗോള തലത്തിലെ മുൻനിര കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് തുടരാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ആമസോണുമായുള്ള പാങ്കാളിത്തം വളർച്ചക്ക് അവസരമൊരുക്കുകയും ഓൺലൈൻ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയും ചെയ്യും. ഇത് സൗദിയിലെങ്ങും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഓൺലൈൻ വ്യാപാര മേഖലയിൽ സാങ്കേതികവിദ്യകളും വിജ്ഞാനവും വികസിപ്പിക്കാനും സഹായിക്കും. പരിചയസമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്തുന്നതിനായി ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിക്ഷേപ മന്ത്രാലയവുമായുള്ള പങ്കാളിത്തം സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് കൈയെത്തുംദൂരത്ത് ഉൽപന്നങ്ങൾ എത്തിക്കാൻ സഹായിക്കുമെന്ന് റൊണാൾ മശ്ഹൂർ പറഞ്ഞു. നിരവധി വെല്ലുവിളികൾ തരണം ചെയ്ത് ബിസിനസസ് വികസിപ്പിക്കാൻ പ്രാദേശിക വ്യാപാരികളെ സഹായിക്കുന്ന നൂതന സംവിധാനങ്ങൾ കമ്പനി ഏർപ്പെടുത്തും. സൗദി അറേബ്യയിലെ വളർച്ചയും അഭിവൃദ്ധിയും നൽകുന്ന വലിയ അവസരങ്ങൾ കമ്പനി പ്രയോജനപ്പെടുത്തും. സൗദി അറേബ്യയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ വളർച്ച ത്വരിഗതിയിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ മന്ത്രാലയത്തിലെയും ആസോൺ കമ്പനിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.