കണ്ണൂർ - നേതാക്കൾ ദൽഹിയിൽ പോയി കാര്യം നേടുന്നത് അവസാനിപ്പിച്ചാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ദേശീയ സംസ്ഥാന തലങ്ങളിൽ തർക്കം മുറുകുന്നതിനിടെ നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് മാക്കുറ്റി വിമർശനമുയർത്തിയത്. പ്രസ്ഥാനത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ അവഗണിക്കുന്ന നേതൃത്വത്തിനെതിരെയുള്ള രോഷമാണ് കുറിപ്പിലുടനീളമുള്ളത്. സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽ നിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തിൽ പോലും പരിഗണിക്കില്ലെന്നും റിജിൽ മാക്കുറ്റി പരിഭവിക്കുന്നു. പ്രസ്ഥാനത്തിന് വേണ്ടി മണ്ണിലിറങ്ങി പ്രവർത്തിക്കുന്നവരെ ഒരു എ.ഐ.സി.സി യും തിരിഞ്ഞു നോക്കുന്നില്ലെന്നും, പ്രസ്ഥാനം ഈ നിലയിലാവാൻ ഇതാണ് കാരണമെന്നും
റിജിൽ മാക്കുറ്റി ഫേസ് ബുക്കിൽ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം -
സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽ നിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടി വാങ്ങി, കുടിയൊഴിപ്പിക്കുന്നവരുടെ ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെ നിൽക്കുമ്പോൾ ജനം നമ്മോടൊപ്പം
ഉണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാൻ ഒരു എ.ഐ.സിസി യും ഉണ്ടാകില്ല . അതാണ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
'ഷോ' രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ല. അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നത്. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ദൽഹിയിൽ പോകാൻ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോൽക്കുന്ന സീറ്റിൽ വെട്ടിയപ്പോൾ എന്നോട് പറഞ്ഞു, ഞാൻ പോകുന്നു ദൽഹിക്ക് നിങ്ങൾ വരുന്നോ എന്ന്. ഞാൻ പറഞ്ഞു ഇല്ല നിങ്ങൾ പോയിവാ. അതു കൊണ്ട് അദേഹത്തിന് സീറ്റ് കിട്ടി. അന്ന് ഞാൻ അവരോട് പറഞ്ഞത് എനിക്ക് അർഹത ഉണ്ടെങ്കിൽ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും. ദൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനുസരിച്ച് അർഹത ഇല്ലാത്തത് കൊണ്ട് എന്നെ പരിഗണിച്ചില്ല. അതുകൊണ്ട് ഈ പാർട്ടിയെ തള്ളിപറയാനോ, അക്കരപച്ച തേടി കെ.പി അനിൽകുമാറാകാനോ, പി.എസ്.പ്രശാന്ത് ആകാനോ ഞാൻ തയ്യാറായില്ല. അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്. പഴയതിനെക്കാൾ ഊർജ്ജത്തോടെ ഈ പ്രസ്ഥാനത്തിനു വേണ്ടി തെരുവിൽ കിടന്ന് പോരാടാൻ ഞാൻ മുന്നിൽ തന്നെയുണ്ട്. അക്രമിക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശത്രുക്കളുടെ മുന്നിലേക്ക് പോരാടാൻ പോയത്. കൂടെയുള്ളവനെ ശത്രുക്കളുടെയോ പോലീസിന്റെയോ മുന്നിൽ തള്ളിവിട്ട് അവർക്ക് പരിക്ക് പറ്റി ആശുപത്രിയിൽ പോയി ഫോട്ടോ എടുത്തും അവർക്ക് വേണ്ടി ചാനൽ ചർച്ചകളിൽ പോയി വാദമുഖങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയം പഠിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ പോരാടും . വളഞ്ഞ വഴിയിൽ കാര്യം നേടിയവർ അത് ജീവിതകാലം വരെ ഉറപ്പിക്കാൻ കാണിക്കുന്ന ആർത്തിയും പാർട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോൾ അക്കരപച്ചതേടി പോകുന്ന സിന്ധ്യമാരൊക്കെയാണ് ഈ പാർട്ടിയുടെ ശാപം . പല സംസ്ഥാനത്തും നിന്നും ബി.ജെ.പിയിലേക്ക് പോയവരിൽ കൂടുതലും ആ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിമാരും
മുഖ്യമന്ത്രിമാരും കേന്ദ്രത്തിൽ മന്ത്രിമാരായവരുടെ മക്കൾ ആണ്. അവർ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ തന്നെ വലിയ സ്ഥാനങ്ങൾ കൊടുത്ത് സ്വീകരിക്കും. മണ്ണിൽ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് അവരെ ഉയർത്തി കൊണ്ട് വരിക. അവരാണ് ഈ പാർട്ടിയെ ചതിച്ച് പോയവരിൽ ഭൂരിഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ ഇന്നും ഇവിടെ തന്നെ നിൽക്കുന്നത് കൊണ്ടാണ് ഈ പാർട്ടി ഇപ്പോഴും പിടിച്ച് നിൽക്കുന്നത്. പാർട്ടി അധികാരത്തിൽ വരുമ്പോൾ മന്ത്രിമാരാകാൻ വലിയ സുപ്രീം കോടതി വക്കീലൻമാർ, ഉന്നത ജോലിയിൽ നിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവർക്ക് ജോലി ചെയ്തതിന്റെ കോടികളുടെ ആസ്തി ഉണ്ടാകും. പത്ത് പേരുടെ പിൻതുണ ഇല്ലാത്തവരാണ് ഭൂരിഭാഗവും. പാർട്ടിയുടെ പ്രതിസന്ധി കാലത്ത് അവരൊയൊന്നും എവിടെയും കാണുകയുമില്ല. പ്രവർത്തനത്തിലും നിലപാട് എന്ത് എന്ന് കാണിക്കണം. അത്തരം നിലപാട് എടുക്കുമ്പോൾ ചിലപ്പോൾ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കപ്പെടാം, അപമാനിക്കപ്പെടാം, വ്യക്തിഹത്യക്ക് ഇരയാകേണ്ടി വരാം, ഒറ്റെപ്പെടുത്താം, കൂടെയുള്ളവർ തള്ളി പറയാം, ബുളളിംഗിന് വിധേയമാകേണ്ടി വരാം. പക്ഷേ നിലപാടിൽ ഉറച്ച് നിന്നാൽ എത്ര വർഷം കഴിഞ്ഞാലും പ്രസ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ കഴിയില്ല. അനുഭവമാണ് സൈബർ സാക്ഷ്യം. ലോക്‌സഭ വരുമ്പോൾ അവിടെ, നിയമസഭ വരുമ്പോൾ അവിടെ, രാജ്യ സഭ വരുമ്പോൾ അവിടെ ഞാൻ തന്നെ സ്ഥാനാർത്ഥിയാകണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നതെങ്കിൽ ഞാനാണ് ഏറ്റവും വലിയ സ്വാർത്ഥൻ എന്നാണ് എന്റെ പക്ഷം. - റിജിൽ കുറിച്ചു.