റിയാദ് - ഉക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനെ കുറിച്ച് യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. മധ്യപൗരസ്ത്യദേശത്തും ആഫ്രിക്കയിലും സുരക്ഷയുമായും സ്ഥിരതയുമായും ബന്ധപ്പെട്ട വെല്ലുവിളികളും പുതിയ സംഭവവികാസങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. റഷ്യയും യു.എ.ഇയും തമ്മിലുള്ള സഹകരണവും സർവ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ആഗോള ഊർജ, ഉൽപന്ന വിപണികളിലെ സ്ഥിരതയും ആഗോള തലത്തിലെ ധാന്യലഭ്യതയും ഇരുവരും ചർച്ച ചെയ്തു.
റഷ്യയും ഉക്രൈനും തമ്മിൽ സമാധാനപരമായ പോംവഴിയിൽ എത്തിച്ചേരേണ്ടതും പരിഹാരം കാണേണ്ടതും അനിവാര്യമാണെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു. വെടിനിർത്തൽ അടക്കം സംഘർഷത്തിന് പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകാൻ യു.എ.ഇ ഒരുക്കമാണ്. മേഖലാ, ആഗോള തലങ്ങളിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു. സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് സൃഷ്ടിപരമായ നയതന്ത്രശ്രമങ്ങൾ നടത്താൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ഉക്രൈൻ സംഘർഷം മൂലം ഉടലെടുത്ത മാനുഷിക പ്രത്യാഘാതങ്ങളിൽ യു.എ.ഇക്ക് കടുത്ത ആശങ്കയുണ്ടെന്നും ശൈഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു.