റിയാദ് - ഇറാൻ ആണവായുധം വികസിപ്പിച്ചാൽ സൗദി അറേബ്യയും അണുബോംബ് നിർമിക്കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അമേരിക്കയിലെ സി.ബി.എസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. നിലവിലുള്ള അവസ്ഥയിൽ ആണവായുധം സ്വന്തമാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാൻ ആണവായുധം വികസിപ്പിച്ചാൽ അതേ വേഗത്തിൽ തങ്ങളും അണുബോംബ് നിർമിക്കും.
സൗദി സമ്പദ്‌വ്യവസ്ഥ ഇറാൻ സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണ്. സൗദി അറേബ്യയുമായി മത്സരിക്കാൻ ഇറാന് കഴിയില്ല. മുസ്‌ലിം ലോകത്തെ ഏറ്റവും മികച്ച അഞ്ചു സായുധ സേനകളുടെ കൂട്ടത്തിൽ ഇറാൻ സൈന്യമില്ല. ഇറാൻ ആത്മീയ നേതാവ് അലി ഖാംനഇക്ക് ഏറെക്കുറെ ഹിറ്റ്‌ലറുമായി സാദൃശ്യമുണ്ട്.
ഹിറ്റ്‌ലർ ജർമനിയിൽ അധികാരത്തിലിരുന്ന കാലത്ത് ആസൂത്രണം ചെയ്ത കാര്യങ്ങൾ സംഭവിക്കുന്നതു വരെ ഹിറ്റ്‌ലർ സൃഷ്ടിക്കുന്ന അപകടം എത്ര മാത്രമാണെന്ന് ലോകം മനസ്സിലാക്കിയിരുന്നില്ല.
ഹിറ്റ്‌ലറുടെ കാലത്തുണ്ടായ അതേ സംഭവങ്ങൾ മധ്യപൗരസ്ത്യ ദേശത്ത് ആവർത്തിക്കാൻ സൗദി ആഗ്രഹിക്കുന്നില്ല. മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന പുതിയ ഹിറ്റ്‌ലറാണ് അലി ഖാംനഇ. പാശ്ചാത്യ ലോകത്ത് അധികാരം വിപുലീകരിക്കുന്നതിന് ആഗ്രഹിച്ച ഹിറ്റ്‌ലറെ പോലെ മധ്യപൗരസ്ത്യ ദേശത്ത് വിപുലീകരണ പദ്ധതി നടപ്പാക്കുന്നതിനാണ് അലി ഖാംനഇ ആഗ്രഹിക്കുന്നതെന്നും കിരീടാവാകാശി പറഞ്ഞു.