തിരുവനന്തപുരം- മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിലില്ലായിരുന്നു.
തുടര്‍ന്ന് മന്ത്രി ഫാര്‍മസിക്കകത്ത് കയറി കംപ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എലിന് നിര്‍ദേശവും നല്‍കി. തുടര്‍ന്നാണ് ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. എല്ലാ കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.