അബുദാബി- യു.എ.ഇ ചരക്കു കപ്പല്‍ ഇറാന്‍ തീരത്ത് മുങ്ങി. അറേബ്യന്‍ ഉള്‍ക്കടല്‍ തീരത്തെ ബൂശഹര്‍ ഗവര്‍ണറേറ്റിനു കീഴിലെ അസ്‌ലവിയ തുറമുഖത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലില്‍ മുപ്പതു ജീവനക്കാരുണ്ടായിരുന്നു. ഇവര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് വെള്ളത്തിലേക്ക് ചാടി.
അപകട സ്ഥലത്തേക്ക് രക്ഷാ സംഘങ്ങള്‍ തിരിച്ചിട്ടുണ്ട്. കാറുകള്‍ വഹിച്ച കപ്പലാണ് മുങ്ങിയത്. അസ്‌ലവിയ തുറമുഖത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെയാണ് മോശം കാലാവസ്ഥ കാരണം കപ്പല്‍ മുങ്ങിയതെന്ന് ബൂശഹര്‍ ഗവര്‍ണറേറ്റ് തുറമുഖകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ വിഭാഗം മേധാവി ഹജത് ഖസ്‌റവി പറഞ്ഞു.
കപ്പലിലെ മുപ്പതു ജീവനക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ ആരംഭിച്ചതായും ഹജത് ഖസ്‌റവി പറഞ്ഞു. അല്‍സല്‍മി 6 എന്ന് പേരുള്ള കപ്പല്‍ കൊടുങ്കാറ്റിനിടെയാണ് മുങ്ങിയതെന്ന് സാലിം അല്‍മര്‍കാനി കാര്‍ഗോ കമ്പനി ഓപ്പറേഷന്‍സ് മാനേജര്‍ ക്യാപ്റ്റന്‍ നിസാര്‍ ഖദ്ദൂറ പറഞ്ഞു.