തിരുവനന്തപുരം- കേരളത്തിൽ വനം വളർത്തലിനൊക്കെ ഒരതിര് വെക്കാൻ സമയമായെന്ന നിലപാടുകാരനാണ് പി.സി.ജോർജ്. ജനങ്ങൾക്ക് താമസിക്കാൻ ഇടമില്ലാത്ത നാട്ടിൽ ഇനിയും കാടു വേണമെന്ന് പറയുന്നവരുടെ ലക്ഷ്യം വനവൽക്കരണത്തിന് കിട്ടുന്ന ഫണ്ട് അടിച്ചു മാറ്റലാണെന്ന കാര്യത്തിൽ ജോർജിന് അൽപം പോലും സംശയമില്ല. ഭക്ഷ്യം, മൃഗ സംരക്ഷണം, ക്ഷീര വികസനം, വനം വകുപ്പുകളിന്മേലുള്ള ധനാഭ്യർഥന ചർച്ചക്കിടയിലായിരുന്നു വനമൗലിക വാദികളും അല്ലാത്തവരും തമ്മിലെ പോര്. ''മാന്യന്മാരായ രണ്ടു മന്ത്രിമാരുടെ വകുപ്പിന്മേലുള്ള ചർച്ചയാണിന്ന്- തിലോത്തമനും, കെ.രാജുവും. രണ്ടു പേരും കാനത്തിന്റെ പാർട്ടിക്കാരല്ലേ, മോശമാകില്ലല്ലോ...'' കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എതിർ പക്ഷം നിൽക്കുന്ന സി.പി.ഐയോട് മാണിയുടെ മുഖ്യ എതിരാളിയായ ജോർജ് ഇങ്ങനെ സ്‌നേഹം ചേർന്നു. കാട്ടിൽ നിന്നിറങ്ങി വന്ന് മനുഷ്യരെ ദ്രോഹിക്കുന്ന മൃഗങ്ങളെ കൊല്ലണമെന്ന് തന്നെയാണ് നേരനുഭവങ്ങളുടെ സാക്ഷ്യത്തിൽ ജോർജിന്റെ ഉറച്ച പക്ഷം; നോക്കു... ഓസ്‌ട്രേലിയയിൽ അവരുടെ ദേശീയ ജീവിയായ കങ്കാരുവിനെ കൊല്ലാമെങ്കിൽ ഇവിടെ എന്തുകൊണ്ടായിക്കൂടാ? ഇതെല്ലാം കേട്ടപ്പോൾ ജോർജിന്റെ എതിർ കക്ഷിയായ കേരള കോൺഗ്രസിലെ ഡോ. എൻ.ജയരാജിന് അത് തീരെ പിടിച്ചില്ല. മനുഷ്യന്റെ ആർത്തി ഭൂമിയിൽ മനുഷ്യവാസം സാധ്യമാകാത്ത അവസ്ഥ വരുത്തുമെന്ന് സ്റ്റീഫൻ ഹോക്കിംഗ്‌സ് മുന്നറിയിപ്പ് നൽകിയ കാര്യം ലീഗിലെ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ജയരാജ് ഹോക്കിംഗ്‌സിന്റെ മുന്നറിയിപ്പിന്റെ ഗൗരവം വിവരിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന് അന്യഗ്രഹങ്ങളായിരിക്കും ഇനി ആശ്രയമെന്ന് മുന്നറിയിപ്പ് തന്ന ഹോക്കിംഗ്‌സ് ആ അവസ്ഥ ഭൂമിയിൽ വരുന്നതിന് മുമ്പ് തന്നെ തിരിച്ചു പോയി. ഇവിടെ നിന്ന് ഏറ്റവും ആദ്യം അന്യഗ്രഹത്തിലേക്കയക്കേണ്ടത് പി.സി.ജോർജിനെയാണെന്ന ഡോ.ജയരാജിന്റെ വാക്കുകൾ ജോർജിനെ ക്ഷുഭിതനാക്കി. താൻ പറയാത്ത കാര്യമാണ് ജയരാജ് പറയുന്നതെന്നറിയിച്ച ജോർജിന്റെ അടുത്ത വാക്കുകൾ ഇങ്ങനെ ''ആ... മാണിയുടെ പാർട്ടിക്കാരനല്ലേ... ഇങ്ങനെയൊക്കെയേ പറയൂ....''
സി.പി.ഐയുടെ കൃഷിവകുപ്പിനെ ഒന്നികഴ്ത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ കർഷകരുടെ ലോംഗ് മാർച്ച് വേണമെന്നൊക്കെ കഴിഞ്ഞ ദിവസം പറഞ്ഞ കെ.എം മാണിക്കുള്ള വ്യംഗ്യ മറുപടിയായിരുന്നു സി.പി.ഐ അംഗം സി.കെ ആശയുടെ വാക്കുകളിൽ. ''അതുപോലൊരു സമരം കേരളത്തിൽ സാധ്യമല്ല.'' മനസ് തൊടുന്ന സി.പി.ഐ ആവേശത്തിൽ നിന്നുതിർന്ന വാക്കുകൾ.
പുതുതായി വരാൻ പോകുന്ന ഏതെല്ലാമോ ഇറക്കുമതികൾ കാരണം ക്ഷീര മേഖല നേരിടാൻ പോകുന്ന വൻ ഭീഷണി ജനതാദളിലെ കെ.കൃഷ്ണൻകുട്ടി സ്വന്തം കൃഷി അനുഭങ്ങളുടെ വെളിച്ചത്തിൽ വിവരിച്ചപ്പോൾ പാക്കറ്റ് പാൽ മാത്രം കണ്ട അംഗങ്ങൾ ശ്രദ്ധയുള്ള കേൾവിക്കാരായി. കറുപ്പും വെളുപ്പും നിറമുള്ള പശു തരുന്ന പാലിന്റെ പ്രത്യേകതയൊക്കെ എടുത്തു പറഞ്ഞാണ് കൃഷ്ണൻകുട്ടി തന്റെ കൃഷി പാഠം പൂർത്തീകരിച്ചത്. പാൽ ഇറക്കുമതിയുണ്ടായാൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് മാർക്കറ്റിൽ പാൽ കിട്ടും. പക്ഷെ, ഒന്നും രണ്ടും പശുക്കളെ വളർത്തി ജീവിതം കഴിക്കുന്നവരുടെ കാര്യം ദയനീയാവസ്ഥയിലാവും.
സി.പി.എം അംഗം ജോർജ് എം.തോമസ് തന്റെ നാട്ടിലെ ഒരു മുഹമ്മദിന്റെ കഥ പറഞ്ഞു. മുഹമ്മദിനെ ആളുകൾ 'പുഗ്' എന്നാണ് വിളിക്കുന്നത്.
ഏറനാട്ടുകാർ പൂവിന് പുഗ് എന്നാണ് പറയുന്നത്. പുഗ് രണ്ട് കല്യാണം കഴിച്ചു. ഓരോ ഭാര്യയിലും അഞ്ച് വീതം, പത്ത് മക്കൾ. ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് സ്‌കൂൾ കുട്ടികൾക്ക് അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മുഹമ്മദിന്റെ വീട്ടിൽ ഒറ്റയടിക്ക് 75 കിലോ അരിയെത്തി. വലിയൊരു ചാക്കിൽ അരി നിറച്ചു വെച്ച പുഗ് അന്ന് തന്നെ ലീഗ് വിട്ടു. ഇടതു ഭരണ കാലത്തെ ഭക്ഷ്യ സുഭിക്ഷത പറയാനായിരുന്നു ഈ പുഗ് കഥ. അല്ലാതെ അരി കിട്ടിയാൽ ആളുകൾ പാർട്ടിയും ആദർശവും മാറുമെന്ന് പറയാനായിരിക്കില്ല.
സി.പി.എമ്മിലെ ഡി.കെ മുരളി നല്ല വാശിയിലായിരുന്നു. എ.കെ.ജിയെയും, ലെനിനെയും പറ്റിയൊക്കെ ബൽറാമും മറ്റും അതുമിതുമൊക്കെ പറഞ്ഞാലുണ്ടല്ലോ ഗാന്ധിജിയെക്കുറിച്ച് ഞങ്ങളും പറയും. അതുറപ്പ്.
സി.പി.ഐയിലെ കെ.രാജൻ പറഞ്ഞ ഒരു വാക്കിൽ പിടിച്ചു കയറിയായിരുന്നു, ലീഗിലെ എൻ.ഷംസുദ്ദീന്റെ പ്രസംഗം. മന്ത്രി രാജുവിനെ ആർക്കും അറിയില്ല എന്ന് രാജൻ പറഞ്ഞെന്നായിരുന്നു ഷംസുദ്ദീന്റെ നിലപാട്. താൻ അങ്ങനെയല്ല പറഞ്ഞത്. കെ.രാജു മൃഗശാല വകുപ്പും കൈകാര്യം ചെയ്യുന്നുണ്ടെന്ന് ആരും അറിയില്ലെന്നാണെന്ന് രാജന്റെ വിശദീകരണം. അതു തന്നെയാണ് താനും പറഞ്ഞതെന്ന് ഷംസുദ്ദീൻ.
ഷംസുദ്ദീൻ എല്ലാ സി.പി.എം അംഗങ്ങളെയും സീതാറാം യെച്ചൂരിയുടെ മാർഗത്തിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയത്തിൽ നിങ്ങൾ, തോറ്റാൽ അവിടെ ഞങ്ങൾ ജയിക്കണം. അതുപോലെ തിരിച്ചും. അല്ലാതെ മറ്റവരല്ല. മൂന്ന് കൊല്ലം കൊണ്ട് 10 എം.പി സ്ഥാനം അവർക്ക് നഷ്ടപ്പെട്ടു. സി.പി.എം കാരേ, നിങ്ങളെന്തിനാണ് ആ വയൽകിളികളുടെ പന്തൽ കത്തിച്ചത്. നന്ദിഗ്രാമിന്റെ വാർഷികത്തിൽ തന്നെ ഇതു വേണ്ടിയിരുന്നോ? -ഷംസുദ്ദീൻ തുടർന്നു. കോൺഗ്രസിന്റെ നല്ല നയങ്ങളെ എല്ലാ കാലത്തും തങ്ങൾ അനുകൂലിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു സി.പി.എമ്മിലെ സി.കെ ശശീന്ദ്രന്റെ പ്രതിരോധം.
സോണിയാ ഗാന്ധിയുടെ അത്താഴ വിരുന്നിന് 20 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത കാര്യമാണ് കോൺഗ്രസിലെ സണ്ണി ജോസഫ് എടുത്തു പറഞ്ഞത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന നക്ഷത്രമാണ് രാഹുൽ ഗാന്ധി എന്ന് ആവേശം കൊണ്ട സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമും വിരുന്നിനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ബജറ്റ് ചർച്ചക്ക് തുടക്കമിട്ട സി.പി.എം അംഗം കെ.കുഞ്ഞിരാമൻ ഭക്ഷ്യ സാധന വിലക്കയറ്റമില്ലെന്ന് പറഞ്ഞതിന്റെ കാര്യവും സണ്ണി വിശദീകരിച്ചു. കുഞ്ഞിരാമേട്ടൻ സാധനങ്ങളൊന്നും കടയിൽ നിന്ന് വാങ്ങാറില്ല. എല്ലാം സ്വന്തം പറമ്പിലുണ്ട്. അരി ഉൾപ്പെടെ. എന്താ ആൾ വലിയ പണക്കാരനാണോ എന്നാരുടെയോ സംശയം. അല്ല, അല്ല ഇടത്തരം കർഷകൻ എന്ന് സണ്ണിയുടെ തിരുത്ത്. ശുഹൈബ് വധക്കേസിന് സണ്ണിവക്കീലിന്റെ കോടതി ഭാഷ്യം-ശുഹൈബ് വധക്കേസിൽ സർക്കാർ പ്രതിഭാഗം ചേർന്നു. അനിൽ അക്കര, ബി.ഡി.ദേവസ്സി, എൽദോസ് പി.കുന്നപ്പിള്ളിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ഭക്ഷ്യമന്ത്രി തിലോത്തമൻ ചർച്ചക്ക് മറുപടി പറയവെ കൈയിലൊരു കത്തെത്തി. റേഷൻ കാർഡിൽ തനിക്കർഹതപ്പെട്ട പദവി അനുവദിച്ചു കിട്ടിയില്ലെന്ന് പറഞ്ഞ് ഒരാൾ മരത്തിൽ കയറി ഭീഷണി മുഴക്കുന്നു. അതായിരുന്നു കത്തിലെ വരികൾ. അയാൾ ആവശ്യപ്പെട്ട കാര്യം അനുവദിച്ചിരിക്കുന്നു. ഇനി മരത്തിൽ നിന്നിറങ്ങാൻ പറയണം. മന്ത്രിയുടെ മറുപടി. ഇത് കേട്ട് മരത്തിൽ കയറിയയാൾ ഇറങ്ങിയോ എന്നറിയില്ല.
ഭക്ഷ്യധാന്യങ്ങളിൽ എലി ശല്യം എന്ന് പരാതിപ്പെട്ട എൽദോസ് കുന്നപ്പിള്ളിലിന് സ്പീക്കറുടെ നിർദ്ദേശം എലിക്കെണി വാങ്ങി വെച്ചാൽ മതി. എലി ശല്യം അധികമായുണ്ടെങ്കിൽ മയക്കുവെടി വെക്കാം എന്ന് മന്ത്രി തിലോത്തമന്റെ ഓഫർ.
കേരളത്തിൽ വന വിസൃതി വർധിക്കുകയാണെന്ന സന്തോഷം നൽകുന്ന വിവരമാണ് വനം വകുപ്പ് മന്ത്രി കെ.രാജു മറുപടി പ്രസംഗത്തിൽ പങ്ക് വെച്ചത്.
തദ്ദേശ സ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ ഉറപ്പിച്ചു പറഞ്ഞു.
അപ്പറയുന്നത് ശരിയല്ലെന്നും, നികുതി വരുമാനമെല്ലാം സർക്കാർ സ്വീകരിച്ചതിനു ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്നുമായിരുന്നു കോൺഗ്രസിലെ വി.ഡി.സതീശന്റെ ഉറച്ച നിലപാട്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കാണാൻ പല വട്ടം ശ്രമിച്ചിട്ടും, മന്ത്രിക്ക് സമയമില്ലാത്തതിനാൽ പറ്റിയില്ലെന്ന് ലീഗിലെ ഡോ. എം.കെ.മുനീർ പരാതി പറഞ്ഞപ്പോൾ ഇപ്പറഞ്ഞത് കടന്നപ്പള്ളിയെ കുറിച്ച് തന്നെയോ, എന്ന അതിശയമായിരുന്നു എല്ലാവർക്കും. കാരണം അത്രക്ക് സുലഭമാണദ്ദേഹം. നോക്കുന്നേടത്തെല്ലാം കാണുന്ന വലിയ കുപ്പായക്കാരൻ. കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം പറയാൻ മന്ത്രിയെ അന്വേഷിച്ചു നടന്ന പ്പോഴാണത്രെ മന്ത്രി കടന്നപ്പളളിക്ക് 'സമയമില്ലെന്ന്' മുനീറിന് മനസ്സിലായത്.