കൊച്ചി- ദിലീപിന്റെ ഫോണ്‍ രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ കൊച്ചിയെ ഞെട്ടിച്ച വന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി. 2015ല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സമ്പന്നരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ നാരായണ ദാസിന്റെ സംഘത്തില്‍ പെട്ട സായ് ശങ്കറിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തത് അന്ന് തൃപ്പൂണിത്തുറ സി ഐ ആയിരുന്ന ബൈജു പൗലോസാണ്.
ക്വാറി ഉടമയെ ബാംഗ്ലൂരിലെ ഹോട്ടലിലെത്തിച്ച ശേഷം നാര്‍ക്കോടിക് ഡി ഐ ജി ചമഞ്ഞെത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് ഫിറ്റ്‌നസ് ട്രെയിനറായ നാരായണ ദാസിനെയും സായ് ശങ്കറിനെയും പങ്കാളിയായ മയൂഖിയടക്കമുള്ളവരെയും തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആവശ്യപ്പെട്ട രണ്ടു കോടി നല്‍കാമെന്ന് സമ്മതിച്ച ക്വാറി ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അതിബുദ്ധി കാട്ടിയ സായ് ശങ്കര്‍ സ്വന്തം നിലയില്‍ അഞ്ച് ലക്ഷം രൂപ കൂടി ക്വാറി ഉടമയോട് ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞ്് സായി ശങ്കറിനെ വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സായ് ശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് നാരായണ ദാസിനെയും മറ്റ് പ്രതികളെയും സാഹസികമായി പിടികൂടി.
സായ്ശങ്കറിന്റെ അവിഹിത ഇടപാടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയായിരുന്ന ജെസ്‌നിയ ബീവി എറണാകുളത്തെ ഫഌറ്റില്‍ തൂങ്ങിമരിച്ചതും വലിയ വാര്‍ത്തയായിരുന്നു. മറ്റ് പല സാമ്പത്തിക തട്ടിപ്പു കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമന്‍പിള്ളയുമായി ഇയാള്‍ അടുപ്പത്തിലായത്. ഇയാളുടെ സൈബര്‍ വൈദഗ്ധ്യം പിന്നീട് അഭിഭാഷകന്‍ പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചതായാണ് സൂചന. കസ്റ്റഡിയിലെടുത്ത ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ പല തട്ടിപ്പുകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സായ് ശങ്കര്‍ ആരോപിക്കുന്നത്. തന്നെ രഹസ്യമായി പോലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന്റെ മുഴുവന്‍ ഫോണ്‍ റെക്കോഡുകളും തന്റെ കൈയിലുണ്ട്. ഇത് കണ്ടെത്താനാണ് തന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതെന്നും സായ് ശങ്കര്‍ ആരോപിക്കുന്നു.
ദിലീപിന്റെ ഫോണിലെ തെളിവുകള്‍ താന്‍ നശിപ്പിച്ചിട്ടില്ല. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്തത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. സത്യം തെളിയാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സായ് ശങ്കര്‍ പറഞ്ഞു.