പാലക്കാട്- നീണ്ട കാത്തിരിപ്പിനൊടുവിൽ ഫരീദക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ജന്മം കൊണ്ട് മലേഷ്യക്കാരിയായ ഫരീദ സ്‌കൂൾ പഠനത്തിന് ശേഷം രക്ഷിതാക്കളുടെ ജന്മനാടായ ഒറ്റപ്പാലത്ത് എത്തുകയായിരുന്നു. മലേഷ്യയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കു പോയ ഫരീദയുടെ രക്ഷിതാക്കൾക്ക് അവിടെ വെച്ചാണ് മകൾ ജനിക്കുന്നത്. മലേഷ്യൻ പൗരയായി 1993 ൽ ഒറ്റപ്പാലത്ത് തിരിച്ചെത്തി.
2005 ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇപ്പോഴാണ് ലഭിച്ചത്. ജില്ലാ കലക്ടർ ഡോ. പി.സുരേഷ് ബാബുവും ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറും ചേർന്ന് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ഇനി മുതൽ ഇന്ത്യക്കാരിയായി ജീവിക്കാമെന്നത് സന്തോഷവും അഭിമാനവുമാണെന്ന് ഫരീദ പറഞ്ഞു.
വിദേശത്ത് ജോലിചെയ്യുന്ന ഷറഫുദ്ധീനാണ് ഭർത്താവ്.