കണ്ണൂര്‍- കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന 'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ ചേരിതിരിവിനായി ഉപയോഗിക്കുന്നു. ഭൂരിപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങള്‍ വഴി പ്രത്യേക അജണ്ടയോടെയാണ് ഈ പ്രചാരണം. സാധാരണ നിലയില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കടന്നു വരാത്ത വായനശാല ഗ്രൂപ്പുകളില്‍ പോലും സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു.
തൊണ്ണൂറുകളില്‍ കശ്മീരില്‍, ഹിന്ദു പണ്ഡിറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും നേരത്തെ തന്നെ ഇന്ത്യന്‍ പൊതുസമൂഹം ചര്‍ച്ച ചെയ്തതാണ്. സിഖ് കലാപം ഉള്‍പ്പെടെ പല വര്‍ഗീയ കലാപങ്ങള്‍ നടന്നതിന് പിന്നാലെയാണ് കശ്മീരില്‍ പണ്ഡിറ്റുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായത്. നിരവധി കുടുംബങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ഈ സംഭവ വികാസങ്ങളാണ്, യഥാര്‍ഥ സംഭവങ്ങള്‍ എന്ന പേരില്‍ തന്നെ കശ്മീരി ഫയല്‍സ് എന്ന ചിത്രത്തിന് പ്രമേയമായത്.
ഇന്ത്യയിലെ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഘപരിവാര്‍ സ്വാധീനം ഭൂരിപക്ഷ സമുദായത്തില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഈ സിനിമ കേരളത്തിലടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കശ്മീര്‍ ഫയല്‍സ് കാണുക, ഇല്ലെങ്കില്‍ 35 വര്‍ഷത്തിന് ശേഷം എതെങ്കിലും സംസ്ഥാനത്തിരുന്ന് നിങ്ങള്‍ കേരള ഫയല്‍ കാണേണ്ടി വരും എന്നതാണ് ഒരു പ്രചാരണം.
സിനിമയില്‍ വേഷമിട്ട കശ്മീരി പണ്ഡിറ്റും, ബി.ജെ.പി അനുഭാവിയുമായ നടന്‍ അനുപം ഖേറിന്റെ അഭിപ്രായമാണ് ആദ്യം സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്. ചിത്രത്തിന് നേരിടേണ്ടി വന്ന നിയമ നടപടി മുതല്‍ സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍ വരെ ഘട്ടം ഘട്ടമായി പ്രത്യേക ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
തൊണ്ണുകളില്‍ കശ്മീരില്‍ സേവനമനുഷ്ടിച്ച പട്ടാളക്കാരന്റെതെന്ന പേരിലും, അക്കാലത്ത് കശ്മീരില്‍ ജോലി ചെയ്തിരുന്ന ചിലരുടെതെന്ന പേരിലും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ വിദ്വേഷമുയര്‍ത്തുന്ന വിധത്തിലുള്ള പോസ്റ്റുകളും തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവയൊന്നും സംഘപരിവാര്‍ ഗ്രൂപ്പുകളിലല്ല, പൊതുഗ്രൂപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് ഇതിന്റെ അപകടം. മാത്രമല്ല, സംഭവത്തിന്റെ ഗൗരവമറിയാതെ പലരും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
'കശ്മീര്‍ ഫയല്‍' പ്രദര്‍ശിപ്പിക്കാന്‍ തന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ തീയറ്ററുകളും വിട്ടുകൊടുക്കാത്തതിന് നടന്‍ മോഹന്‍ ലാലിനെതിരെ പോലും ചില ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ലഫ്റ്റനന്റ് കേണല്‍ പദവി വാങ്ങി ഇരുന്നാല്‍ പോര, ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യണമെന്നാണ് മോഹന്‍ലാലിന് നല്‍കുന്ന നിര്‍ദ്ദേശം.
ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു യാഥാര്‍ഥ്യം കൂടിയുണ്ട്. സംഘ പരിവാര്‍ ശക്തികള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത കേരളത്തില്‍ വൈകാരികതയിലൂടെ ഇടം നേടാനാവുമോ എന്ന ശ്രമം. കേരളത്തില്‍ ബി.ജെ.പിക്കുണ്ടായിരുന്ന ചെറിയ ഇടം പോലും നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് നേതൃത്വത്തിന് തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു.
ശബരിമല വിഷയ കാലത്തടക്കം കേരളത്തില്‍ ഒരു വശത്ത് സി.പി.എമ്മും മറുവശത്ത് ബി.ജെ.പിയും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഈ സാഹചര്യത്തിന് മാറ്റം വന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ഏക സീറ്റ് കൂടി നഷ്ടപ്പെടുത്തുകയും വോട്ടിംഗ് ഷെയറില്‍ പിന്നോട്ട് പോവുകയും ചെയ്തതോടെ ബി.ജെ.പി ചിത്രത്തില്‍ നിന്നും മായാന്‍ തുടങ്ങി.
കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡണ്ടായി വന്നതോടെ കെ. സുരേന്ദ്രന്‍ ചിത്രത്തില്‍ നിന്നും പുറത്തായി. പിണറായിയും കെ.സുധാകരനും എന്ന നിലയിലായി രാഷ്ട്രീയ പോരാട്ടം. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് വരും. അതിനിടയില്‍, ബി.ജെ.പിയുടെ വോട്ടു ഷെയര്‍ വര്‍ദ്ധിപ്പിക്കുകയെന്ന ആര്‍.എസ്.എസ് അജണ്ടയാണ് കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമാ തന്ത്രങ്ങളിലൂടെ നടപ്പാവുന്നത്. സിനിമ വൈകാരികമായി ഓരോരുത്തരെയും സ്വാധീനിക്കുമെന്ന് ഈ തന്ത്രം മെനയുന്നവര്‍ക്കറിയാം. തങ്ങള്‍ ലക്ഷ്യം വെക്കുന്നവര്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പരമാവധി വെറുപ്പ് സമാഹരിക്കുകയെന്ന ഫാസിസ്റ്റ് അജണ്ടയാണിവര്‍ ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.