ഭുവനേശ്വർ - ഐ.എസ്.എൽ ടീമായ നോർത്ഈസ്റ്റ് യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ഗോകുലം കേരളാ എഫ്.സി പ്രഥമ സൂപ്പർ കപ്പ് ഫുട്‌ബോളിന്റെ മുഖ്യ റൗണ്ടിലേക്ക് മുന്നേറി. ഹെൻറി കിസേക്കയാണ് ഗോകുലത്തിന്റെ രണ്ടു ഗോളുമടിച്ചത്. നാൽപത്തിമൂന്നാം മിനിറ്റിലും എഴുപത്തഞ്ചാം മിനിറ്റിലും.
ഫെഡറേഷൻ കപ്പിനു പകരമായാണ് ഐ.എസ്.എൽ, ഐ-ലീഗ് ടീമുകളുടെ സൂപ്പർ കപ്പിന് എ.ഐ.എഫ്.എഫ് രൂപം കൊടുത്തത്.
ഇരു ടൂർണമെന്റിലെയും ആദ്യ ആറ് ടീമുകൾക്ക് ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം നൽകിയിരിക്കുകയാണ്. അവസാന നാല് ടീമുകൾ വീതമാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്. ഏപ്രിൽ ഒന്നിന് ബംഗളൂരു എഫ്.സിയുമായാണ് ഗോകുലം ക്വാർട്ടർ ഫൈനൽ കളിക്കുക. എക്‌സ്ട്രാ ടൈമിൽ ദൽഹി ഡൈനാമോസിനെ കീഴടക്കി ചർച്ചിൽ ബ്രദേഴ്‌സും മുഖ്യ റൗണ്ടിലേക്ക് മുന്നേറി. ചർച്ചിൽ ക്വാർട്ടറിൽ മോഹൻ ബഗാനെ നേരിടും. ഇന്ന് അവസാന യോഗ്യതാ മത്സരങ്ങളിൽ മുംബൈ സിറ്റി ഇന്ത്യൻ ആരോസുമായും എ.ടി.കെ ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും.
ചെന്നൈയൻ-ഐസ്വാൾ, മിനർവ പഞ്ചാബ്-ജാംഷഡ്പൂർ, ഗോവ-എ.ടി.കെ/ചെന്നൈ, പൂനെ-ഷില്ലോംഗ് ലജോംഗ്, ഈസ്റ്റ് ബംഗാൾ-മുംബൈ സിറ്റി/ആരോസ്, നെരോക്ക-കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നിങ്ങനെയാണ് മറ്റു ക്വാർട്ടർ ഫൈനലുകൾ.