ബൊഗോട്ട - കനത്ത എതിർപ്പുണ്ടെങ്കിലും അടുത്ത ലോകകപ്പിൽ വീഡിയൊ അസിസ്റ്റന്റ് റഫറി ടെക്‌നോളജി (വാർ) ഏർപ്പെടുത്താൻ ഫിഫ തത്വത്തിൽ തീരുമാനിച്ചു.
കൊളംബിയയിലെ ബൊഗോട്ടയിൽ ചേരുന്ന ഫിഫ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും.
വാർ ഫുട്‌ബോളിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമല്ലെന്നും വൻ പിഴവുകൾ ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനൊ പറഞ്ഞു.
പന്ത് ഗോൾ വര കടന്നുവോ, പെനാൽട്ടി നൽകേണ്ടതുണ്ടോ, ചുവപ്പ് കാർഡ് നൽകിയത് ന്യായമോ, തെറ്റായ കളിക്കാരനാണോ കാർഡ് നൽകിയത് തുടങ്ങിയ കാര്യങ്ങളിലാണ് ലോകകപ്പിൽ വാർ ഉപയോഗിക്കുക. 2016 മുതൽ വാർ പരീക്ഷിക്കുന്നുണ്ട്. ജർമൻ ലീഗ്, ഇറ്റാലിയൻ ലീഗ് ഉൾപ്പെടെ 20 ഫെഡറേഷനുകൾ ഇത് പരീക്ഷിച്ചു. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.