Sorry, you need to enable JavaScript to visit this website.

ഹരിത നികുതിയിൽനിന്ന് ഡീസൽ ഓട്ടോറിക്ഷകളെ ഒഴിവാക്കി

തിരുവനന്തപുരം- ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഹരിത നികുതിയിൽ നിന്നും ഡീസൽ ഓട്ടോറിക്ഷകളെ ഒഴിവാക്കി. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാന്റെ പ്രഖ്യാപനം. പഴയ വാഹനങ്ങൾക്ക് 50 ശതമാനം ഹരിത നികുതി വർദ്ധിപ്പിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപയായി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഫണ്ട് അഞ്ചുകോടിയിൽനിന്നും ഒരു കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
മൂന്ന് ദിവത്തെ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധിക പ്രഖ്യാപനങ്ങളും വകയിരുത്തലുകളും നടത്തി. 46.35 കോടി രൂപയും അധിക ചെലവാണ് പ്രഖ്യാപിച്ചത്. 
■ ഗ്രാമീണ കളിക്കളങ്ങൾക്ക് അഞ്ചുകോടി കൂടി.
■ പോലീസ് സ്‌റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിന് 10 കോടി.
■ പോലീസ് ഫോറൻസിക് സയൻസ് ശക്തിപ്പെടുത്താനും ഡ്രോൺ റിസർച്ച് നടത്താനും രണ്ട് കോടി.
■ പോലീസിന് സ്വതന്ത്ര ഡാറ്റ സെന്റർ സ്ഥാപിക്കാൻ നാല് കോടി.
■ ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ ഏറ്റെടുത്ത് ലോ ആന്റ് ജസ്റ്റിസിൽ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കും. ഇതിനായി ഒരു കോടി.
■ അക്കിത്തം പഠനകേന്ദ്രത്തിന് ഒരു കോടി.
■ കൊച്ചി സർവകലാശാലയിലെ എൻ.ആർ. മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്ററിന് ഒരു കോടി.
■ കേരള സർവകലാശാല ബോട്ടണി ഡിപാർട്ട്‌മെന്റിലെ ഇന്റർയൂനിവേഴ്‌സിറ്റി സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷന് 50 ലക്ഷം.
■ ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കാൻ അഞ്ചു കോടി.
■ മഹാകവി മൊയീൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് 25 ലക്ഷം കൂടി.
■ മലയാളം സർവകലാശാലയിലെ വള്ളത്തോൾ ചെയർ സ്ഥാപിക്കാൻ 10 ലക്ഷം.
■ കതിരൂർ കളരി അക്കാദമി, തെയ്യം കലാ അക്കാദമി എന്നിവയ്ക്ക് സഹായം.
■ കൊടകര ബ്ലോക്കിലെ 1000 പേർക്ക് തൊഴിൽ നൽകുന്ന പെൺതൊഴിലിടം പദ്ധതിക്ക് ഒരു കോടി.
■ അരുവിക്കരയിൽ ആദിവാസികളെ ഉൾപ്പെടുത്തിയുള്ള വ്യവസായ യൂനിറ്റിന് ഒരു കോടി.
■ ആലത്തൂർ നിറ പദ്ധതിക്ക് ഒരു കോടി.
■ ചാലിയാർ, അച്ചൻകോവിലാർ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി നദികളുടെ പുനരുജ്ജീവനത്തിന് 10 കോടി.
■ കൃഷി പരിശോധന സർട്ടിഫിക്കേഷൻ സെന്ററുകൾക്ക് അഞ്ചു കോടി.
■ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നൽകനായി 10 കോടി.
■ ഭിന്നശേഷി ഓട്ടിസം എന്നിവയുമായി ബന്ധപ്പെട്ട് അസിസ്റ്റീവ് വില്ലേജിന് രണ്ട് കോടി.
■ മഞ്ചേരി മെഡിക്കൽ കോളേജിൽ കാൻസർ സെന്റർ ആരംഭിക്കും.
■ അഴീക്കോട് തുറമുഖ പദ്ധതിക്ക് അഞ്ച് കോടി.
■ എം.എൻ. ഭവന പദ്ധതിലെ നിലവിലെ രണ്ട് വീടുകൾ വീതമെന്നത് ഒറ്റവീടാക്കുന്നതിന് അഞ്ച് കോടി.
■ ഇറിഗേഷൻ ടൂറിസം ഹൈഡൽ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന്റെ മുൻകയ്യിൽ നടക്കുന്ന പദ്ധതിക്ക് 2.5 കോടി.
■ നാഷനൽ ഹൗസ് പാർക്കിന് രണ്ട് കോടി.

Latest News