ലോക സമാധാന പ്രചാരണത്തിനായി ബജറ്റിൽ രണ്ടു കോടി നീക്കി വെച്ച നടപടിക്കെതിരെയുള്ള എതിർപക്ഷ പരിഹാസം ഒരു തിര, പിന്നെയും തിര എന്ന മട്ടിലാണിപ്പോൾ കേരളത്തിൽ അടിച്ചു വിശുന്നത് . പണ്ടാണെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ വെച്ച് മറ്റുളവരെ പരിഹസിക്കുന്നത് കലയും സാഹിത്യവുമാക്കിയ വരാണ് ബാലഗോപാലിന്റെ പക്ഷക്കാർ. ഇന്നിപ്പോൾ തിരിച്ചു പരിഹസിക്കാനറിയുന്ന വരാണധികവും. തങ്ങൾ എന്നും ലോക സമാധാനത്തിനായി നിന്നവരായിരുന്നു വെന്നും നെൽസൺ മണ്ടേലക്ക് വേണ്ടി പോലും പ്രകടനം നടത്തിയിട്ടുണ്ടെന്നും ബാലഗോപാൽ ബജറ്റ് പൊതുചർച്ചക്ക് മറുപടി നൽകവെ തന്റെ കോളേജ് ജീവിത കാലം ഓർത്തെടുത്തു പറഞ്ഞു. അന്ന് മണ്ടേല... മണ്ടേല...എന്ന് തങ്ങൾ വിളിച്ചു പറഞ്ഞു നടക്കുമ്പോൾ പലരും പരിഹസിച്ചിരുന്നു. ഇടക്ക് യാസർ അറഫാത്തും അദ്ദേഹത്തെ കെട്ടിപ്പിടിച്ച ഇന്ദരാഗാന്ധിയുമൊക്കെ ബാലഗോപാലിന്റെ വാക്കുകളിൽ ആവേശമായി കടന്നു വന്നു. നെൽസൺ മണ്ടേലക്കൊപ്പം ജയിലിൽ കിടന്ന മലയാളിയായ ബില്ലി നായരുടെ പേര് (1929-2008) ഓർമപ്പെടുത്തി സ്പീക്കർ എം.ബി. രാജേഷും വിപ്ലവ ഗ്രഹാതുരത നിറയുന്ന വിഷയത്തിൽ ബന്ധം ചേർന്നു. ദീർഘ കാലം സ്വന്തം പ്രത്യയ ശാസ്ത്രക്കാർ അടക്കി ഭരിച്ച നാടായ ഉക്രൈനെ അവശിഷ്ട കമ്യൂണിസ്റ്റുകാരുടെ റഷ്യ ബോംബിട്ടു തകർക്കുമ്പോൾ ഇതൊക്കെയല്ലാതെ എന്തു ചെയ്യാനാകും എന്ന് ആരും ചോദിച്ചില്ല.
സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നതിന് വി.ഡി. സതീശന്റെ കൈയ്യിൽ തുറിച്ചു നോക്കുന്ന കണക്കുകൾ റെഡി. കേരളത്തിന്റെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ തോമസ് ഐസകിനെ മുഖാമുഖം നിന്നു ജന പക്ഷം തോൽപിച്ച സതീശന്റെ കണക്കെടുപ്പിന് മുന്നിൽ കെ.എൻ. ബാലഗോപാലിന്റെ ബജറ്റൊക്കെ ആന വായിലെ അമ്പഴങ്ങ. ജനകീയ ജനാധിപത്യ വിപഌവം നടപ്പിൽ വരുത്താൻ അഹോരാത്രം പണിയെടുക്കുന്ന വരാണ് തങ്ങളെന്ന് പറയാൻ സി.പി.എമ്മിലെ കെ.ഡി. പ്രസേനന് ഒരു മടയുമില്ല. അങ്ങിനെയൊരാൾക്ക് എതിർ കക്ഷിയായ കോൺഗ്രസിൽ നിന്ന് തങ്ങളും സെമി കേഡറാകാൻ പോകുന്നുവെന്ന കെ. സുധാകര മൊഴി കേൾക്കുമ്പോൾ ക്ഷോഭം തലക്ക് പിടിക്കുക സ്വാഭാവികം. സുധാകരനെ കേട്ടപ്പോൾ പ്രസേനന് സെമി കേഡർ എന്ന വാക്കിന്റെ നാടൻ അർഥമാണ് മനസ്സിൽ വന്നത് -ആളിത്തിരി സെമിയാണ് എന്നു പറഞ്ഞാൽ തലക്ക് വട്ടാണ് എന്നാണത്രെ പ്രസേനന്റെ നാട്ടിലെ അർഥം. വല്ലാത്തൊരു അനർഥം തന്നെ. അങ്ങിനെയുള്ളവരെ ചികിത്സിക്കാൻ കുതിര വട്ടം മാനസിക രോഗാശുപത്രിയിൽ പ്രത്യേക സൗകര്യമൊരുങ്ങുന്നുണ്ടെന്നാണ് കെ. സുധാകരന്റെ അനുയായികൾക്ക് പ്രസേനൻ മുന്നറിയിപ്പ് നൽകുന്നത്. ഷോക്ക് ചികിത്സക്കായി വൈദ്യുതി ബോർഡിന്റെ പ്രത്യേക സംവിധാനവും വേണമെന്ന് കൂടി ആവശ്യപ്പെട്ടപ്പോൾ പ്രസേനന്റെ ചേരിയിൽ വേവുന്ന സുധാകര വിരുദ്ധതയുടെ ശക്തി അനാവൃതമായി. സ്വന്തം നാട്ടിൽ സഖാക്കൾ വേട്ടയാടുന്ന യു. പ്രതിഭയെ പ്രസേനൻ വാത്സല്യ വാക്കുകളാൽ ചേർത്തു നിർത്തുന്നത് കേട്ടു. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വി.എസ്. അച്യുതാനന്ദന്റെ പേര് പറയാതെ പരിഹസിച്ചപ്പോൾ ഒരു കോലാഹലവുമുണ്ടായില്ല. കാലം പോയ പോക്ക് എന്ന് പഴയ കാലം ഓർക്കുന്നവർ മൂക്കത്ത് വിരൽ വെക്കുക സ്വാഭാവികം.
പബ്ലിക്ക് പ്രൈവറ്റ് പാർട്ടി സിപ്പേഷൻ എന്ന പി.പി.പിയുടെ പേര് മാറ്റി പീപ്പി... പീപ്പി ...പി, പ്പീ ... എന്ന് പീപ്പി വിളിച്ചു അന്ന് കളയാക്കിയില്ലേ എന്ന് വി.എസിന്റെ പേര് പറയാതെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചപ്പോൾ അന്ന് നിയമ സഭയിലും പുറത്തും വി.എസ് നടത്തിയ പ്രസംഗങ്ങളിലെ പീപ്പി വിളി അനുകരണം ഓർത്തു. തന്റെ കാലത്ത് വികസന രംഗത്ത് പി.പി.പി പദ്ധതി കൊണ്ടു വന്നപ്പോഴായിരുന്നു ഈ പരിഹാസമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓർമപ്പെടുത്തൽ. വി.എസ് എതിർത്തതെല്ലാം വാശിയോടെ നടപ്പാക്കുന്നവർക്ക് കേട്ടിരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അതിലിടക്ക് മറുപടി പ്രസംഗത്തിൽ ദാരിദ്ര്യം വിതരണം ചെയ്യലല്ല കമ്യൂണിസം എന്ന് മന്ത്രി ബാല ഗോപാൽ പറയുന്നുണ്ടായിരുന്നു. അതാണ് തീവ്ര കമ്യൂണിസ്റ്റുകൾ ചെയ്യുന്നത്.
നന്ദി ഗ്രാമിലൊക്കെ കോൺഗ്രസും അവർക്കൊപ്പമായിരുന്നു. ആറാം നമ്പർ കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന് പണ്ട് മുദ്രാവാക്യം വിളിച്ചവരുടെ പിന്മുറക്കാരല്ലെ നിങ്ങളെന്നായിരുന്നു സി.പി.എം അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് ലീഗുകാരോട് ചോദിക്കാനുണ്ടായിരുന്നത്. എന്നിട്ട് നിങ്ങളങ്ങോട്ട് പോയുമില്ല. പക്ഷെ ഇപ്പോൾ അതെ മുദ്രാവാക്യ മനസ്സുള്ളവർക്കൊപ്പം ലീഗ് നിൽക്കുന്നുവെന്നാണ് കുഞ്ഞഹമ്മദ് കുട്ടി കാണുന്നത്. പ്രമോദ് നാരായണന്റെ പ്രസംഗം ഭാഷാ ഭംഗികൊണ്ട് വേറിട്ടു നിന്നു. തോമസ് കെ. തോമസിന് പിണറായി വിജയനെ പ്രശംസിച്ചിട്ട് മതി വരുന്നില്ല. പ്രശംസക്ക് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് തോമസ് ചാണ്ടിയുടെ അനുജൻ ആവർത്തിച്ചു പറയുന്നുണ്ട്.
കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിന്റെ പേരിൽ നിയമ സഭയിൽ നടന്ന പിണറായി വിജയൻ-സതീശൻ പോരിൽ തീപാറി. സതീശനെ പോലെ പോരാടുന്നവർ ഉള്ളതാണ് അധികാരത്തിലിരിക്കുന്നവരുടെ നിലപാടുകളിലെ ആ രോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ പിടുത്തം വിട്ടു പോകും.
പ്രതിപക്ഷനേതാവിനോട് പഴയ കെ.എസ്.യുക്കാരന്റെ മുൻകോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിഞ്ഞു നോക്കാതെ തിരിച്ചടിച്ചു. പോലീസ് നോക്കിനിൽക്കെ ആയിരുന്നു സംഘർഷമെന്നും എസ്.എഫ്.ഐക്കാരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണെന്നും സതീശൻ പറഞ്ഞപ്പോൾ സി.പി.എം നിര രോഷം കൊണ്ടു.