Sorry, you need to enable JavaScript to visit this website.

മെസ്സിക്ക് ചാമ്പ്യൻസ് ലീഗ്  'സെഞ്ചുറി'

ബാഴ്‌സലോണ - ലിയണൽ മെസ്സി നിറഞ്ഞൊഴുകിയ മാന്ത്രിക രാവിൽ ചെൽസിയെ 3-0 ന് തുരത്തി ബാഴ്‌സലോണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. രണ്ടാം പാദ പ്രി ക്വാർട്ടറിൽ ചെൽസി ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മെസ്സിയുടെ മൂന്ന് ഷോട്ടുകൾ കളിയുടെ വിധിയെഴുതി. സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സലോണ പരാജയമറിയാത്ത തുടർച്ചയായ ഇരുപത്തഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഇത്.
പ്രയാസകരമായ കോണിൽ നിന്ന് രണ്ടു തവണ ചെൽസി ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ മെസ്സി വലയിലേക്ക് വഴി കണ്ടെത്തി. ആദ്യത്തെ ഗോൾ മൂന്നാം മിനിറ്റിലായിരുന്നു. മെസ്സിയുടെ കരിയറിലെ തന്നെ വേഗമേറിയ ഗോൾ. രണ്ടാമത്തേത് അറുപത്തിമൂന്നാം മിനിറ്റിലും. എന്നാൽ ഇരുപതാം മിനിറ്റിൽ ഉസ്മാൻ ദെംബെലെക്ക് ഗോളടിക്കാൻ മെസ്സി നൽകിയ പാസായിരുന്നു കളിയിലെ ഏറ്റവും മനോഹര നിമിഷം. മുൻ ബാഴ്‌സലോണ താരം സെസ്‌ക് ഫാബ്രിഗാസിൽ നിന്ന് പന്ത് റാഞ്ചിയ മെസ്സി രണ്ട് ഡിഫന്റർമാരെ സമർഥമായി വെട്ടിക്കുകയും മാർക്ക് ചെയ്യപ്പെടാതെ നിന്ന ദെംബെലെക്ക് പന്തെത്തിക്കുകയും ചെയ്തു. ബാഴ്‌സലോണ ജഴ്‌സിയിൽ ദെംബെലെയുടെ കന്നി ഗോൾ. 
മെസ്സിക്ക് ചാമ്പ്യൻസ് ലീഗിൽ 100 ഗോളായി. 117 ഗോളുമായി ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് മുന്നിൽ. മെസ്സിക്ക് 100 ഗോളടിക്കാൻ 123 കളിയേ വേണ്ടിവന്നുള്ളൂ, ക്രിസ്റ്റ്യാനോക്ക് 144 മത്സരങ്ങൾ കളിക്കേണ്ടി വന്നു. തുടർച്ചയായ പതിനൊന്നാം സീസണിലാണ് ബാഴ്‌സലോണ ക്വാർട്ടറിലെത്തുന്നത്. ലണ്ടനിലെ ആദ്യ പാദത്തിലും ബാഴ്‌സലോണയുടെ സമനില ഗോളടിച്ചത് മെസ്സിയായിരുന്നു. 
ചെൽസി നന്നായി പൊരുതിയെങ്കിലും മെസ്സി മാജിക്കിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടു പാദങ്ങളിലായി നാലു തവണ ചെൽസിയുടെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. അഞ്ച് ഡിഫന്റർമാരുമായാണ് ചെൽസി പ്രതിരോധക്കോട്ട കെട്ടിയത്. അതിൽ വിള്ളൽ വീഴ്ത്താൻ മെസ്സിക്ക് മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. ബോക്‌സിലേക്ക് കുതിച്ച് ദെംബെലെക്ക് പാസ് നൽകിയതായിരുന്നു മെസ്സി. രണ്ട് തവണ വെട്ടിത്തിരിഞ്ഞ പന്ത് ഒടുവിൽ സമർഥമായി മെസ്സിയുടെ വഴിയിലേക്ക് ലൂയിസ് സോറസ് തള്ളി. ഒരു പഴുതേയുണ്ടായിരുന്നുള്ളൂ മെസ്സിക്ക് മുന്നിൽ. ഗോളിയുടെ കാലുകൾക്കിടയിലെ ചെറിയ വിടവ്. അതിലൂടെ മെസ്സി പന്ത് പായിച്ചു. 
പന്തുമായി കുതിക്കുമ്പോഴും ഓരോ കളിക്കാരനും എവിടെയാണെന്ന ചിത്രം മെസ്സിയുടെ മനസ്സിലുണ്ടെന്നതിന് തെളിവായിരുന്നു രണ്ടാം ഗോൾ. ഫാബ്രിഗാസിൽ നിന്ന് മെസ്സി പന്ത് റാഞ്ചിയപ്പോൾ സോറസിന് പാസ് നൽകുമെന്നായിരുന്നു ഏവരും കരുതിയത്. ഡിഫന്റർമാർ സോറസിനു സമീപത്തേക്ക് കുതിച്ചു. മാർക്ക് ചെയ്യപ്പെടാതെ നിന്ന ദെംബെലെക്കാണ് മെസ്സി പാസ് ചെയ്തത്. ദെംബെലെയുടെ കിടിലൻ ഷോട്ട് ചെൽസി ഗോളിക്ക് തടുക്കാനായില്ല. 
ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ രണ്ടു തവണ ചെൽസി ഗോൾ മണം പരത്തി. വില്യന്റെയും എഡൻ ഹസാഡിന്റെയും ഷോട്ടുകൾ ബാഴ്‌സലോണ ഗോളി സമർഥമായി പിടിച്ചു. മാർക്കോസ് അലോൺസോയുടെ ഷോട്ട് പോസ്റ്റിനിടിച്ച് തെറിച്ചു. സോറസിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ അവസാന ഗോൾ. മൂന്നു ഡിഫന്റർമാരെ വെട്ടിച്ച മെസ്സി വീണ്ടും തന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലേക്ക് പായിച്ചപ്പോൾ തിബൊ കോർട്‌വാ അക്ഷരാർഥത്തിൽ ഇളിഭ്യനായി. തൊണ്ണൂറാം മിനിറ്റിൽ ആന്റോണിയൊ റൂഡിഗറുടെ ഹെഡർ പോസ്റ്റിനിടിച്ച് തെറിച്ചതോടെ ആശ്വാസ ഗോളിനുള്ള ചെൽസിയുടെ അവസാന ശ്രമവും വിഫലമായി. 1-1 ന് പിരിഞ്ഞ ആദ്യ പകുതിയിൽ വില്യന്റെ രണ്ട് ഷോട്ടും പോസ്റ്റിനു തട്ടിത്തെറിച്ചിരുന്നു. 

Latest News