ഇടുക്കി-വീടിന് വെളിയിൽ ഇറങ്ങിയാൽ ഏത് നിമിഷവും കൺമുന്നിലെത്താവുന്ന കാട്ടുപോത്തുകളെക്കുറിച്ചുളള ഭയപ്പാടിലാണ് മറയൂരിലെ ജനം. പാടവും പറമ്പും എന്നു വേണ്ട ടാർ റോഡ് പോലും കീഴടക്കി വാഴുകയാണ് കാട്ടുപോത്തുകൾ. ഇവ ചവിട്ടി മെതിച്ച കൃഷിക്ക് കൈയും കണക്കുമില്ല.
ചാനൽമേട്, പള്ളനാട്, മംഗളം പാറ, വെട്ടുകാട് കീഴാന്തൂർ, കാരയൂർ എന്നിവിടങ്ങളാണ് കാട്ടുപോത്തു വിളയാട്ടം. ഒരു വർഷത്തിനിടെ രണ്ടു പേരുടെ ജീവനാണ് കാട്ടുപോത്ത് കവർന്നത്. കഴിഞ്ഞ ദിവസം പള്ളനാട് മണികണ്ഠന്റെ തീറ്റപുൽകൃഷി നശിപ്പിക്കുന്ന കാട്ടുപോത്തിൻ കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിടെ കാട്ടുപോത്ത് തിരിഞ്ഞ് ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാറയിൽ ഇടിച്ചു വീണ് മണികണ്ഠനും ഭാര്യ മാരിയമ്മക്കും ഒൻപത് വയസുള്ള മകൻ അശ്വിനും പരിക്കേറ്റു.
വേനലായതോടെ കാട്ടിനുള്ളിലെ ജലസ്രോതസുകൾ വറ്റി വരളുന്നതാണ് കാട്ടുപോത്തുകളെ നാട്ടിലെത്തിക്കുന്നത്. കാർഷിക വിളകളുടെ സംരക്ഷണത്തിനായി സൗരോർജവേലികൾ നിർമിച്ചിട്ടുണ്ടെങ്കിലും അവ പുല്ലു പോലെ പോത്തുകൾ തകർത്തെറിയും.
മൾബറി, കമുക്, വാഴ തുടങ്ങിയ എല്ലാ വിളകളും കാട്ടുപോത്തിന് ഇരയായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. വളർത്തു മൃഗങ്ങൾക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണം പതിവായി. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന വനം വകുപ്പിനോട് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.