കാസർകോട് -ഭാഷകളുടെയും മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടുകളുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്താമെന്നത് ജനാധിപത്യ സമൂഹത്തിന് ആശ്വാസകരമല്ലെന്ന് പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാതാരം പ്രകാശ് രാജ് പറഞ്ഞു. ആരോഗ്യകരമായ സമൂഹത്തിൽ ജനങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. വർത്തമാനകാല സാഹചര്യങ്ങളിൽ അത് നിഷേധിക്കപ്പെടുകയാണ്. ആരെങ്കിലും ചോദ്യം ഉന്നയിക്കുകയാണെങ്കിൽ മറുപടിക്ക് പകരം അവർക്ക് നിറങ്ങൾ ചാർത്തിക്കൊടുക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് പ്രസ്‌ക്ലബ്ബിൽ 'മീറ്റ് ദ പ്രസി'ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോട് എനിക്ക് വെറുപ്പില്ല, എന്നാൽ രാജ്യം ഏൽപിച്ചു കൊടുക്കാൻ പറ്റിയ പാർട്ടിയല്ല ബി ജെ പി. മതത്തിന്റെ പേരിൽ കലഹങ്ങൾ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. അഴിമതിയെക്കാൾ അപകടമാണ് വർഗീയ രാഷ്ട്രീയം. ഏത് തരം ഫാസിസവും എതിർക്കപ്പെടണം. രാഷ്ട്രീയ പാർട്ടികൾ കർഷകരോടൊപ്പം നിൽക്കണം. സമൂഹത്തിൽ മാറ്റത്തിന് വേണ്ടി അവർ പ്രവർത്തിക്കണം. രജനീകാന്തും കമൽഹാസനും തമിഴ് രാഷ്ട്രീയത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. കലയെയും സിനിമയെയും സ്‌നേഹിച്ചത് പോലെ ആയിരിക്കില്ല രാഷ്ട്രീയം. കുറെ കൂടി ജാഗ്രത്തായ പ്രവർത്തനം വേണ്ടിവരും. സിനിമാ തിരക്കുകൾ വിട്ട് സാമൂഹ്യമായ തന്റെ ഇടപെടലുകളുടെ പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളോ മറ്റ് പ്രലോഭനങ്ങളോ ഇല്ല. എനിക്ക് എംപിയോ മന്ത്രിയോ ആകാനും ആഗ്രഹമില്ല. മറിച്ച് ചോദ്യം ചോദിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടാനും അതിനുള്ള ആർജ്ജവം മറ്റുള്ളവരിലേക്ക് പകർന്നുനൽകാനുമാണ്.
ഗൗരീ ലങ്കേഷ് എന്ന ധീരയായ പോരാളിയെ ഫാസിസ്റ്റ് ശക്തികൾ ഇല്ലാതാക്കിയ സംഭവം ജനാധിപത്യ വിശ്വാസികളിൽ നടുക്കമുളവാക്കുന്നതാണ്. ലങ്കേഷ് കുടുംബവുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധവും നിലപാടുകളിലെ ഐക്യപ്പെടലും ആ വേർപാട് മനസ്സിലെ വലിയ മുറിപ്പാടായി ബാക്കിനിർത്തുന്നു. ഇനിയൊരു ഗൗരി ലങ്കേഷ് ഉണ്ടാവാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്‌ക്ലബ്ബിൽ ഗൗരിയുടെ ചിത്രം അനാഛാദനം ചെയ്തത് മാതൃകാപരമാണ്. ഹാളിലേക്ക് കടന്നുവരുമ്പോൾ കണ്ണുകളുടക്കിയത് ആ ചിത്രത്തിലേക്കാണ്. ഗൗരി നമ്മോടൊപ്പമുണ്ട്. അല്ലെങ്കിൽ നമ്മളും ഗൗരിയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആ ചിത്രം നൽകുന്നത്. കുട്ടികളുടെ മനസ്സിൽ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടെയും കലയുടെയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്. തങ്ങൾക്ക് നേരെ ഉയരുന്ന കൈകൾ വെട്ടിയെറിയുകയെന്ന ഫാസിസ്റ്റ് തന്ത്രം സിനിമകൾക്ക് നേരെയും ഉയരുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമുള്ള ആളല്ല താൻ. പക്ഷേ, രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കാനുള്ള കുത്സിത ശ്രമങ്ങളെ താൻ എതിർക്കുന്നു.
സത്യസന്ധനായിരിക്കാൻ തനിക്ക് അവകാശമുണ്ട്. അതുപോലെ ധീരനായിരിക്കാനും. താൻ ഭീരുവായാൽ സമൂഹവും ഭീരുക്കളാകുമെന്ന ചിന്താഗതി ഓരോരുത്തരിലും ഉണ്ടാകണം. ജനങ്ങളാണ് ഭൂരിപക്ഷം. ഭരണാധികാരികൾ ന്യൂനപക്ഷവും. അപ്പോൾ മുഴങ്ങിക്കേൾക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ശബ്ദമാണ്. അതിനെയാണ് അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഒരു ചെടിയിൽ നിന്ന് എത്ര പൂവുകൾ പറിച്ചാലും ശരത്കാലം വരാതിരിക്കുമോയെന്ന് ചെറുചിരിയോടെ പ്രകാശ് രാജ് പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. കെ.വി. പത്മേഷ് സ്വാഗതവും ഷഫീഖ് നസ്‌റുള്ള നന്ദിയും പറഞ്ഞു.