തിരുവനന്തപുരം- ഇന്ത്യയില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പുതിയൊരാളെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്. സീറ്റിനു വേണ്ടി ആഗ്രഹവും അര്‍ഹതയുമുള്ള തലമുതിര്‍ന്ന നേതാക്കളും പ്രതീക്ഷയുള്ള യുവ നേതാക്കളും വേണ്ടുവോളം സംസ്ഥാനത്തുള്ളപ്പോള്‍ ദല്‍ഹിയില്‍ നിന്നും വന്ന പുതിയൊരു പേര് പാര്‍ട്ടിക്കുള്ളിലും പുറത്തും പുതിയ ചര്‍ച്ചയായിരിക്കുകയാണ്. പലരും സമ്മര്‍ദ്ദം സീറ്റിനായി ചെലുത്തുന്നുണ്ടെങ്കിലും യുവ നേതാവ് എം ലിജുവിനെ കെപിസിസി നിര്‍ദേശിക്കുമ്പോള്‍ ശ്രീനിവാസന്‍ കൃഷ്ണനെയാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.
ശ്രീനിവാസന്റെ പേര് പുറത്തു വന്നതോടെ കോണ്‍ഗ്രസിനുള്ളിലുണ്ടായ പഴയൊരു വിവാദമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടേയും അതുവഴി രാഹുല്‍ ഗാന്ധിയുടേയും അടുപ്പക്കാരനാണ് ശ്രീനിവാസന്‍. 2018ല്‍ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി ശ്രീനിവാസനെ നിയമിച്ചപ്പോഴും ഇതുപോലെ പലരും നെറ്റി ചുളിച്ചിരുന്നു. അറിയപ്പെടാത്ത ഒരാളെ എങ്ങനെ ഒരു സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിക്കുമെന്നായിരുന്നു അന്നുയര്‍ന്ന ചോദ്യം. തെരഞ്ഞെടുപ്പു തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഒരു പാഠവും പഠിക്കുന്നില്ലെന്നും അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഈ നിയമനത്തില്‍ വിയോജിപ്പുള്ളതായി രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി ദേശീയ തലത്തില്‍ വീണ്ടും വലിയൊരു തിരിച്ചടിയേറ്റ് നില്‍ക്കുമ്പോള്‍ ശ്രീനിവാസനു വേണ്ടി ഹൈക്കമാന്‍ഡ് രംഗത്തു വന്നിരിക്കുന്നു.
കോണ്‍ഗ്രസിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായി മാറിയ കേരളത്തിലെ രാഷ്ട്രീയത്തില്‍ അധികം കേട്ടിട്ടില്ലാത്ത ശ്രീനിവാസന്‍ ആരാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീനിവാസന്‍ കൃഷ്ണന്‍ 1999ലാണ് സര്‍വീസ് വിട്ടത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായി ദല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളുടെ ഭാഗമായി. പിന്നീട് സോണിയാ ഗാന്ധിയുടെ സെക്രട്ടേറിയല്‍ സംഘത്തിലും അംഗമായി. ഈ ബന്ധങ്ങള്‍ വഴിയാണ് ശ്രീനിവാസന്‍ പ്രിയങ്ക ഗാന്ധിയുടെ സംഘത്തിലെത്തുന്നത്. പിന്നീട് റോബര്‍ട്ട് വദ്രയുടെ അടുപ്പക്കാരനായി മാറിയ ശ്രീനിവാസന്‍ വദ്രയുടെ പല വിവാദ കമ്പനികളിലും ഡയറക്ടര്‍ പദവി കൂടി വഹിച്ചിരുന്നു. 2011-12 കാലത്ത് വദ്രയുടെ പല ഇടപാടുകളും അഴിമതി ആരോപണ കുരുക്കിലായതോടെ പല കമ്പനികളില്‍ നിന്നും വദ്രയുടെ പേരിനൊപ്പം ശ്രീനിവാസന്റെ പേരും അപ്രത്യക്ഷമായിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.
വദ്രയുടെ കമ്പനികള്‍ക്കു പുറമെ അശ്വിന്‍ എന്റര്‍പ്രൈസസ്, ശ്രീജോ റിയല്‍ട്ടേഴ്‌സ് പ്രൈ. ലിമിറ്റഡ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലും ശ്രീനിവാസന്‍ ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. തന്റെ സഹോദരി ഭര്‍ത്താവിന്റെ ബിസിനസ് പങ്കാളിയായ ശ്രീനിവാസനു വേണ്ടി രാഹുല്‍ ഗാന്ധി ചരടുവലി നടത്തിയതായി 2018ലും ആക്ഷേപമുയര്‍ന്നതാണ്. ആ വിവാദത്തിനു ശേഷം ഇപ്പോഴാണ് ശ്രീനിവാസന്റെ പേര് ഹൈക്കമാന്‍ഡില്‍ നിന്ന് വീണ്ടും ഉയര്‍ന്നു വരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്.