അബുദാബി- അവയവദാനത്തിലൂടെ യു.എ.ഇയില്‍ ഇതുവരെ രക്ഷിക്കാന്‍ കഴിഞ്ഞത് 303 ജീവന്‍. അവയവങ്ങളുടെയും ടിഷ്യൂകളുടെയും ദാനത്തിനും മാറ്റിവെക്കലിനും വേണ്ടിയുള്ള യു.എ.ഇയുടെ ദേശീയ പരിപാടി 2017-ലാണ് ആരംഭിച്ചത്.
ഈ പ്രോഗ്രാമിന് കീഴില്‍, രജിസ്റ്റര്‍ ചെയ്ത ദാതാക്കള്‍ക്ക് മരണശേഷം മറ്റുള്ളവരെ സഹായിക്കുന്നതിന് ഹൃദയം, ശ്വാസകോശം, വൃക്കകള്‍, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ നല്‍കാന്‍ കഴിയും.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ, ദാനം ചെയ്യപ്പെട്ട അവയവങ്ങളില്‍ 12 ഹൃദയങ്ങള്‍, 138 വൃക്കകള്‍, 6 ശ്വാസകോശങ്ങള്‍, 58 കരള്‍, 7 പാന്‍ക്രിയാസ് എന്നിവ ഉള്‍പ്പെടുന്നു. അവയവ കൈമാറ്റ പരിപാടികളുടെ ഭാഗമായി അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്കും അവയവങ്ങള്‍ എത്തിച്ചിട്ടുണ്ട്.
അബുദാബിയില്‍ നടന്ന സമ്മേളനത്തില്‍, അവയവ ദാനത്തിനും ട്രാന്‍സ്പ്ലാന്റേഷനുമുള്ള നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി അല്‍ ഉബൈദലി, അവയവദാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആരോഗ്യ-പ്രതിരോധ മന്ത്രാലയ ആപ്പ് 'ഹയാത്ത്' വഴി ആളുകള്‍ ജീവന്‍ രക്ഷാ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യണം.