Sorry, you need to enable JavaScript to visit this website.

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും സഹായവും അനുവദിച്ച് സർക്കാർ

കീഴടങ്ങിയ ലിജേഷിന് മുഖ്യമന്ത്രി ചെക്ക് കൈമാറുന്നു. ലിജേഷിന്റെ അമ്മ ലീല, വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ, ഐ.ജി അനൂപ് കുരുവിള ജോൺ എന്നിവർ സമീപം.

മാവോയിസ്റ്റുകൾക്ക് മുന്നിൽ വാതിൽ തുറന്നിട്ട് കേരള പോലീസ്

കൽപറ്റ- മാവോയിസ്റ്റുകൾക്ക് മുന്നിൽ വാതിൽ തുറന്നിട്ട കേരള സർക്കാരും പോലീസും കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് വീടും സഹായവും അനുവദിച്ചു. 2018 ൽ കീഴടങ്ങൽ-പുനരധിവാസ പദ്ധതി (സറണ്ടർ പോളിസി) പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കീഴടങ്ങിയ മാവോയിസ്റ്റിനാണ് സംസ്ഥാന സർക്കാർ വീടും സാമ്പത്തിക സഹായവും അനുവദിച്ചത്. മുഖ്യമന്ത്രി നേരിട്ട് ചെക്കും കൈമാറി.
2021 ഒക്ടോബർ 25ന് രാത്രി വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ മുമ്പാകെ കീഴടങ്ങിയ സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളം ഡെപ്യൂട്ടി കമാൻഡന്റ് കർണാടക വിരാജ്‌പേട്ട ഇന്ദിരാ നഗർ പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമുവിനാണ് (37) സർക്കാർ പുതുജീവിതത്തിനു വഴിയൊരുക്കിയത്. പുനരധിവാസ പാക്കേജിന്റെ ഭാഗമായി ലിജേഷിനു 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. 
ലൈഫ് പദ്ധതിയിൽ എറണാകുളം ജില്ലയിൽ ലിജേഷിനു വീട് നൽകും. അതുവരെ താമസത്തിനു വാടകയ്‌ക്കെടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി. തുടർ പഠനത്തിനു 15,000 രൂപയുടെ ധനസഹായം ലിജേഷിന് ലഭിക്കും. ഗവ. ഐ.ടി.ഐകളിലോ മറ്റു സ്ഥാപനങ്ങളിലോ പഠനത്തിനു ചേരുന്നതിനു സഹായം ലഭ്യമാക്കും. ജില്ലാ കലക്ടർ അധ്യക്ഷയായ ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്ത പാക്കേജാണ് സംസ്ഥാന പോലീസ് മേധാവി അഭ്യർഥിച്ചതിനെത്തുടർന്നു സർക്കാർ അംഗീകരിച്ചത്.

വയനാട്ടിലെ പുൽപള്ളി അമരക്കുനിയിലായിരുന്നു ലിജേഷിന്റെ ജനനം. അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം വിരാജ്‌പേട്ടയിലെത്തിയത്. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായി. ഏഴു വർഷം സംഘടനയിൽ പ്രവർത്തിച്ച ലിജേഷിനു മാവോയിസ്റ്റ് ആശയങ്ങളുടെ അർഥശൂന്യത ബോധ്യപ്പെട്ടു. ഇതിനിടെയാണ് കേരള സർക്കാർ പ്രഖ്യാപിച്ച സറണ്ടർ പോളിസിയെക്കുറിച്ച് അറിഞ്ഞത്. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർ നടപടികൾ റദ്ദു ചെയ്യലും പൊതുജീവിതത്തിലേക്കു തിരിച്ചു വരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നതാണ് കീഴടങ്ങൽ-പുരനധിവാസ പദ്ധതി. 
ഇതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് വയനാട്് ഉൾപ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ പോലീസ് പതിച്ചിരുന്നു. സറണ്ടർ പോളിസി പ്രകാരം കീഴടങ്ങുന്നതിനു മാവോ വാദികൾക്കു മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ് കേരള പോലീസ്. 
 

Latest News