Sorry, you need to enable JavaScript to visit this website.

കരുണയും സ്നേഹവും ചാലിച്ച പായസക്കൂട്ടിൽ സഹപാഠികൾക്ക് വീടൊരുങ്ങുന്നു

സഹപാഠികൾക്ക് വീടൊരുക്കുന്നതിനായി പായസ വിതരണം നടത്തുന്ന വിദ്യാർഥികൾ.

മഞ്ചേരി- സ്വന്തമായി വീടില്ലാത്ത രണ്ടു സഹപാഠികൾക്കു സ്നേഹഭവനങ്ങൾ നിർമിച്ചു നൽകാൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പായസ ചലഞ്ചുമായി കൈകോർത്തു. 
മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കന്ററി സ്‌കൂളിലാണ് ജീവകാരുണ്യ കൂട്ടായ്മയായ 'തണൽക്കൂട്ട്' കുട്ടികൾക്ക് സ്നേഹക്കൂട് ഒരുക്കുന്നത്. അർഹരെന്നു കണ്ടെത്തിയ മൂന്നു പേർക്കാണ് വീടൊരുക്കുന്നത്. ഇതിനായി തടപ്പറമ്പിൽ ആറര സെന്റ് ഭൂമി വാങ്ങി. ഒരു വീട് ജില്ല ഹയർ സെക്കന്ററി മാത്ത്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു. മറ്റു രണ്ടു വീടുകൾ നിർമിക്കുന്നതിനായി പണം കണ്ടെത്താനാണ് വിദ്യാർഥികൾ പായസം ചലഞ്ച് നടത്തിയത്. ലിറ്ററിന് 200 രൂപ വിലയിട്ട് 5000 ലിറ്റർ പായസം തയാറാക്കി വിൽപന നടത്തി. എൻ.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി അംഗങ്ങളും ക്ലബ്, സന്നദ്ധ പ്രവർത്തകരും പാക്കിംഗും വിതരണവും നിർവഹിച്ചു. സമ്പാദ്യപ്പെട്ടിയിലെ നാണയത്തുട്ടുകളും  പരീക്ഷക്ക് ശേഷം വിനോദയാത്രയ്ക്കു സ്വരുക്കൂട്ടിയ പണവും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിരിച്ചെടുത്ത സംഖ്യയും വീട് നിർമിക്കാൻ അധ്യാപകരെ ഏൽപിച്ച് കുട്ടികളും ജീവകാരുണ്യത്തിന്റെ പാഠം പഠിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒട്ടേറെ കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നേരത്തെ സ്‌കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി ഫണ്ട് സ്വരൂപിച്ചിരുന്നു. അധ്യാപകരുടെ മുഖ്യപങ്കാളിത്തത്തോടെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. ഇതിനായി ശമ്പളത്തിൽനിന്നു നിശ്ചിക തുക അധ്യാപകർ മാറ്റിവെക്കുന്നുണ്ട്. കോവിഡ് കാലത്തും തണൽക്കൂട്ട് ഒട്ടേറെ പേർക്കു ആശ്വാസം പകർന്നു. പൊതുപ്രവർത്തകർ ഒറ്റക്കെട്ടായി സഹകരിച്ചതോടെ പായസ ചലഞ്ച് വിജയമായി. കോ-ഓർഡിനേറ്റർ കൊടവണ്ടി ഹമീദ്, ജോയിന്റ് കോ-ഓർഡിനേറ്റർ കെ. അജിത്ത്, നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ, പ്രധാധ്യാപകൻ കെ.എം.എ. ഷുക്കൂർ, സി. ഹസ്‌കർ, പി.എം. നാസർ, അജ്മൽ സുഹീദ്, പി.പി. റസാഖ്, കെ.പി. ബാസിത്ത്, വല്ലാഞ്ചിറ സക്കീർ, വി.പി. ഷൗക്കത്തലി, നൗഷാദ്, പി. കുഞ്ഞിമുഹമ്മദ്, പി.കെ. ഫിറോസ്, കെ.പി. ഇസ്മായീൽ, ഷമീൽ, പി. ഷഫീഖ് നേതൃത്വം നൽകി.
 

Latest News