Sorry, you need to enable JavaScript to visit this website.

തൃശൂർ കോർപറേഷൻ: എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം നാളെ, ബി.ജെ.പി നിലപാട് നിർണായകം


തൃശൂർ- തൃശൂർ കോർപറേഷൻ എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയ ചർച്ച നാളെ. അവിശ്വാസം പാസാകണമെങ്കിൽ ബി.ജെ.പി അംഗങ്ങളോ ഇടതുപക്ഷത്ത് നിന്നുള്ള രണ്ട് പേരോ, പിന്തുണക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ബി.ജെ.പി ഇക്കാര്യത്തിൽ പരസ്യമായി നിലപാടെടുക്കാത്തതാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്. 
ബി.ജെ.പി വിചാരിച്ചാൽ ഭരണം അട്ടിമറിക്കാൻ കഴിയുന്ന കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിങ്ങനെയായി 20 ഓളം തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും ഒരിടത്തും ബി.ജെ.പി അതിന് തയാറായിട്ടില്ലെന്നും ആലോചിച്ചിട്ടില്ലെന്നുമാണ്  ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 


എന്നാൽ അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതോടൊപ്പം ഇടത് ഭരണസമിതിയിലെ രണ്ട് സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പറയുന്നു.  ഇടതുപക്ഷത്ത് നിന്ന് ആരും അവിശ്വാസത്തെ പിന്തുണക്കാനിടയില്ലെന്നും ഈ പ്രചാരണം ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടെന്ന പ്രചാരണത്തിന് വേണ്ടിയാണെന്നുമാണ് സി.പി.എം നേതാക്കൾ പറയുന്നത്.
55 അംഗ ഭരണസമിതിയിൽ ജനതാദൾ പ്രതിനിധി ഷീബ ബാബുവും കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രരായ എം.എൽ. റോസിയും സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24 ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കോർപറേഷനിലെ ഇടത് ഭരണം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആയിരുന്നു. തെരഞ്ഞെടുപ്പിൽ നെട്ടിശേരിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച എം.കെ. വർഗീസ് ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിച്ചതിന് തൊട്ടു പിന്നാലെ ഇടതുമുന്നണി വർഗീസിനെ വരുതിയിലാക്കുകയായിരുന്നു. കേവല ഭൂരിപക്ഷമില്ലാതിരുന്ന ഇടതുമുന്നണിക്ക് വർഗീസിലൂടെ അപ്രതീക്ഷിതമായി തുടർഭരണം ലഭിക്കുകയായിരുന്നു. ഇത് അവിശ്വാസത്തിലും സംഭവിക്കുമെന്നാണ് ഇടതുമുന്നണി പറയുന്നത്.


തിരുവില്വാമലയിൽ ഭരണം അട്ടിമറിക്കാൻ കോൺഗ്രസിനൊപ്പം കൂടിയ സി.പി.എമ്മിനെ പകരം വീട്ടാൻ കിട്ടിയ അവസരമായി അവിശ്വാസത്തെ പിന്തുണക്കണമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കോൺഗ്രസ് ഉന്മൂലനം ലക്ഷ്യമിടുകയും അടുത്ത തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ കോൺഗ്രസിന് അനുകൂല നിലപാടെടുക്കുന്നത് എന്തിനെന്നാണ് ബി.ജെ.പിയുടെ ചോദ്യം. മാത്രവുമല്ല, നിലവിൽ കോൺഗ്രസും സി.പി.എമ്മും അല്ലാത്ത സ്വതന്ത്രൻ മാത്രമായ എം.കെ. വർഗീസിനെതിരെ രാഷ്ട്രീയ പ്രതികാരവും തീർക്കേണ്ടതില്ലെന്നാണ് ഇതിന് മറ്റൊരു ന്യായീകരണം. സുരേഷ്‌ഗോപിയിലൂടെ കോർപറേഷൻ വികസന പ്രവർത്തനങ്ങളിൽ ബി.ജെ.പി പങ്കാളിയാണ്. 


കേന്ദ്ര ഫണ്ടിനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. അവിശ്വാസത്തെ പിന്തുണച്ച് തിരുവില്വാമലയുടെ പ്രതികാരം വീട്ടുകയും മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തി മത്സരിക്കുകകയും, പിൻമാറുകയും ചെയ്യുകയെന്നതാണ് മറ്റൊരു തലത്തിൽ ആലോചിച്ചിരിക്കുന്നത്. എന്നാൽ ഇതിലൊന്നിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 
ഇതാണ് അവിശ്വാസത്തിൽ അപ്രതീക്ഷിതമായ നീക്കങ്ങളുണ്ടാവുമോയെന്ന് കാത്തിരിക്കുന്നത്. ഇന്ന് രാവിലെ 11 ന് മേയർക്കെതിരായ അവിശ്വാസവും ഉച്ചക്ക് ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസവും ചർച്ചക്കെടുക്കും. 

Latest News