റിയാദ് - സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ശ്രീലങ്കൻ സന്ദർശനത്തിന് തുടക്കം. ആദ്യമായാണ് ഒരു സൗദി വിദേശ മന്ത്രി ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബായ രാജപക്‌സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ, വിദേശ മന്ത്രി ജി.എൽ. പെയ്‌രിസ് എന്നിവരുമായി വിദേശ മന്ത്രി ഇന്നലെ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. \
സൗദി അറേബ്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങളും സർവ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ, സൈനിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പൊതുതാൽപര്യമുള്ള പ്രധാന വിഷയങ്ങളും ശ്രീലങ്കൻ നേതാക്കളുമായി സൗദി വിദേശ മന്ത്രി ചർച്ച ചെയ്തു. ശ്രീലങ്കയിലെ സൗദി അംബാസഡർ അബ്ദുന്നാസർ ബിൻ ഹുസൈൻ അൽഹാരിസി, വിദേക മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് തുടങ്ങിയവർ കൂടിക്കാഴ്ചകളിലും ചർച്ചകളിലും പങ്കെടുത്തു.
നേരത്തെ കൊളംബോ ബണ്ഡാരനായകെ അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ശ്രീലങ്കൻ നീതിന്യായ മന്ത്രി അലി സ്വബ്‌രി, ശ്രീലങ്കയിലെ സൗദി അംബാസഡർ അബ്ദുന്നാസിർ ബിൻ ഹുസൈൻ അൽഹാരിസി എന്നിവരും ശ്രീലങ്കൻ വിദേശ മന്ത്രാലയത്തിലെയും കൊളംബോ സൗദി എംബസിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ സ്വീകരിച്ചു.