റിയാദ് - ഗുണമേന്മാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞ മാസം വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 880 ഫാക്ടറികളിൽ വ്യവസായ, ധാതുവിഭവ മന്ത്രാലയം പരിശോധനകൾ നടത്തി. ഏറ്റവും കൂടുതൽ വ്യവസായ ശാലകളിൽ കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 316 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 279 ഉം കിഴക്കൻ പ്രവിശ്യയിൽ 187 ഉം മദീനയിൽ 47 ഉം അൽഖസീമിൽ 20 ഉം അസീറിൽ 14 ഉം തബൂക്കിൽ അഞ്ചും ജിസാൻ, അൽബാഹ, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ മൂന്നു വീതവും അൽജൗഫിൽ രണ്ടും ഹായിലിൽ ഒന്നും വ്യവസായ ശാലകളിലും കഴിഞ്ഞ മാസം പരിശോധനകൾ നടത്തി.
സൗദി ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിച്ച് ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഉൽപന്നങ്ങളുടെ സുരക്ഷ പരിശോധിക്കാനും ഇൻഡസ്ട്രിയൽ സിറ്റികൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഫാക്ടറികളുടെ പദവി ശരിയാക്കാനും വ്യവസായ ശാലകളിൽ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യവസായ സ്ഥാപനങ്ങളും സിവിൽ ഡിഫൻസിൽ നിന്ന് സുരക്ഷാ സർട്ടിഫിക്കറ്റ് നേടലും സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തലും അസംസ്‌കൃത വസ്തുക്കളും ഉൽപന്നങ്ങളും സുരക്ഷിത രീതിയിൽ സൂക്ഷിക്കലും നിർബന്ധമാണ്.