തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച പഠനങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഡേറ്റ കൃത്രിമം ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. നിയമസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക സാധ്യതാ പഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നു. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോര്‍ട്ടില്‍ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ-റെയില്‍ പറയുന്നത് അതേപോലെ എഴുതി കൊടുക്കുകയാണ് പഠനം നടത്തിയ ഏജന്‍സി ചെയ്തത്. സില്‍വര്‍ ലൈനിന്റെ ഡേറ്റ പരിശോധിച്ചാല്‍ അത് കൈകാര്യം ചെയ്ത ആളുകള്‍ ജയിലില്‍ പോകേണ്ടിവരും. കണക്കു തെറ്റിച്ചെഴുതി സില്‍വര്‍ ലൈന്‍ പദ്ധതി ലാഭമാണെന്ന് വരുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്ധതിക്കായി സ്ഥലം പോകുന്നവര്‍ മാത്രമല്ല സില്‍വര്‍ ലൈന്റെ ഇരകളെന്നും കേരളം മൊത്തം പദ്ധതിയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു. 64,000 കോടി രൂപ മാത്രമേ ചെലവാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ 1.60 ലക്ഷം കോടി രൂപയാകുമെന്നാണ് നീതി ആയോഗിന്റെ പഠനം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം കോടി കവിയുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കുന്ന പമ്പില്‍ പോലും പണം കൊടുക്കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് വലിയ പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപയാണ്. സില്‍വര്‍ ലൈന്‍ പാതയുടെ രണ്ടു വശത്തും മതിലുകെട്ടി പരസ്യം കൊടുക്കുമെന്നാണ് ഡിപിആറില്‍ പറയുന്നത്- വി.ഡി.സതീശന്‍ പറഞ്ഞു.