റിയാദ് - വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ സൗദിവല്‍ക്കരണം ഉയര്‍ത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ടൂറിസം മന്ത്രാലയത്തിന് നീക്കം. സൗദിയിലെ ആറു പ്രധാന പ്രവിശ്യകളില്‍ ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ സഹായിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സിയുമായി കരാര്‍ ഒപ്പുവെക്കാന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹായില്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
സൗദിയില്‍ ടൂറിസം മേഖലയില്‍ 7,26,000 ലേറെ പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തില്‍ 1,89,000 പേര്‍ സ്വദേശികളാണ്. ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം 26 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിരക്കുന്ന നിലക്ക് സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനങ്ങളും നിയമനങ്ങളും നല്‍കല്‍ പ്രോത്സാഹിപ്പിക്കുന്ന ധനസഹായ പദ്ധതി നടപ്പാക്കാന്‍ ഫെബ്രുവരി മൂന്നിന് ടൂറിസം മന്ത്രാലയവും മാനവശേഷി വികസന നിധിയും കരാര്‍ ഒപ്പുവെച്ചിരുന്നു.
ടൂറിസം മേഖലയില്‍ ഒരു ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ മാനവമൂലധന വികസനത്തിനുള്ള ടൂറിസം മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണിത്. ടൂറിസം മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍, മേഖലയിലെ തൊഴിലുകളില്‍ നിയമിക്കാന്‍ പ്രാപ്തരാക്കി മാറ്റുന്ന നിലക്ക് സൗദി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കല്‍, സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കല്‍, മതിയായ യോഗ്യതകളും കഴിവുകളുമുള്ള സ്വദേശി ജീവനക്കാരെ ലഭ്യമാക്കി ടൂറിസം മേഖലയിലെ തൊഴില്‍ വിപണി ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.
2020 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയര്‍ത്താന്‍ ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നു. നിലവില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന 5.3 ശതമാനമാണ്. ടൂറിസം മേഖലാ സൗദിവല്‍ക്കരണത്തിന് 15 പ്രോഗ്രാമുകള്‍ മന്ത്രാലയം നിര്‍ണയിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്.