ജിദ്ദ - ഖത്തറില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയത് തങ്ങളുടെ ശാഖയല്ലെന്ന് സൗദിയിലെ പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബെയ്ക് വ്യക്തമാക്കി. അല്‍ബെയ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് ഖത്തറില്‍ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സ്ഥാപനം തങ്ങളുടെ ശാഖയല്ലെന്ന് അല്‍ബെയ്ക് റെസ്റ്റോറന്റ്‌സ് അറിയിച്ചത്.
അല്‍ബെയ്കിന്റെ പേരും ലോഗോയും ഉപയോഗിക്കുന്ന ഖത്തറിലെ റെസ്റ്റോറന്റില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ അല്‍ബെയ്കിന്റെ അതേ നിലവാരം പുലര്‍ത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടാണ് ഇക്കാര്യത്തില്‍ ഉപയോക്താവ് അന്വേഷണം നടത്തിയത്. അല്‍ബെയ്കിന്റെ പേര് ഉപയോഗിച്ച് അന്യായമായി ആരോ റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയങ്ങള്‍ നടത്തിവരികയാണെന്നും അല്‍ബെയ്ക് റെസ്റ്റോറന്റ്‌സ് അറിയിച്ചു. സൗദിയിലെ പ്രശസ്തമായ അല്‍ബെയ്ക് റെസ്റ്റോറന്റ്‌സിന്റെ അതേ പേരും ലോഗോയും അടങ്ങിയ റെസ്റ്റോറന്റ് ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.