കൊച്ചി- ആര്‍.എസ്. എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെതിരെ ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) തുടരും. യു.എ.പി.എ നീക്കണമെന്ന ജയരാജന്റെ ഹരജി ഹൈക്കോടതി തള്ളി.
കേസില്‍ സംസ്ഥാന സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. യു.എ.പി.എ ചുമത്തുന്നതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭയാനകമായ അന്തരീഷമുണ്ടാക്കി കൊല നടത്തിയിട്ട് എന്തുകൊണ്ടാണ് യു.എ.പി.എ ചുമത്താത്തതെന്നും ജസ്റ്റീസ് കെമാല്‍ പാഷ ചോദിച്ചു. സമാനമായ മറ്റേതെങ്കിലും കേസില്‍ യു.എ.പി.എ ചുമത്താതെ നിന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. പ്രതികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊലയാളികളുടെ പേരില്‍ മാത്രമാണ് യു.എ.പി.എ ചുമത്തുന്നത്. ആദിവാസികളെ പിടിക്കാന്‍ മാത്രമാണ് യു.എ.പി.എ ചുമത്തുന്നതെന്നും കോടതി വിമര്‍ശിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂധനന്‍ ഉള്‍പ്പൈടെ കേസില്‍ 25 പ്രതികളാണുള്ളത.് ഇതില്‍ 19 പ്രതികള്‍ക്കെതിരെ കേസ് നേരത്തെ പരിഗണിച്ച തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത.് പിന്നീട് ഗൂഢാലോചന സംബന്ധിച്ച രണ്ടാമെത്ത കുറ്റപത്രം സി.ബി.ഐ കോടതിയിലാണ് സമര്‍പ്പിച്ചത.് ആറ് പ്രതികളെയാണ് ഇതില്‍ സി.ബി.ഐ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത.് മനോജ് വധക്കേസിന്റെ വിചാരണ സി.ബി.ഐ കേസ് പരിഗണിക്കുന്ന എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിലേക്ക് മാറ്റാന്‍ എ.കെ ഗോയര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് 2017 മാര്‍ച്ച് ഏഴിനാണ് ഉത്തരവിട്ടിരുന്നത്.
രാഷ്ട്രീയ വിരോധം വെച്ച് പ്രതികള്‍ മനോജിനെ കൊലപ്പെടുത്തിയെന്നും പി.ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവോണ നാളില്‍ പി.ജയരാജനെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മനോജിനോടുള്ള വ്യക്തിപരമായ വിരോധവും കൂടി മനോജ് വധത്തിന് പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടുന്നുണ്ട് കിഴക്കെ കതിരൂരിലെ കാട്ടില്‍ മീത്തല്‍ വീട്ടില്‍ ബാലന്റെ മകന്‍ വിക്രമന്‍ ( 42),കിഴക്കെ കതിരൂറിലെ കുനിയില്‍ വീട്ടില്‍ ദാമു നമ്പിടിയുടെ മകന്‍ സി.പി ജിജേഷ് ( 33), സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം കിഴക്കെ കതിരൂര്‍ കീര്‍ത്തനം വീട്ടില്‍ ചപ്ര പ്രകാശന്‍ എന്ന ചന്ദ്രോത്ത് പ്രകാശന്‍ ( 50), മാലൂര്‍ കുന്നുമ്മല്‍ വീട്ടില്‍ ലുധിയ നിവാസില്‍ അച്ചുവിന്റെ മകനും സി.പി.എം തൃക്കടാരിപ്പൊയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ടി. പ്രഭാകരന്‍ ( 39),കതിരൂര്‍ വേറ്റുമ്മലിലെ ഒതയോത്ത് വീട്ടില്‍ ഗംഗാധരന്റെ മകന്‍ ഷിബിന്‍ ( 29), കോട്ടയംപൊയില്‍ ചൂളാവില്‍ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ പി. സുജിത്ത് (30), കതിരൂര്‍ നന്തിയത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ വിനു എന്ന വിനോദ് (32),മാലൂര്‍ കാവിന്‍മൂലയിലെ മീത്തലെ തച്ചരമ്പത്ത് ആണ്ടിയുടെ മകന്‍ റിജു (27), മാലൂര്‍ തോലമ്പ്രയിലെ കുന്നുമ്മല്‍ ഷിനില്‍ നിവാസില്‍ നാരായണന്റെ മകന്‍ സിനില്‍ ( 34) മാലൂര്‍ കാവിന്‍മൂലയിലെ മീത്തലെ തച്ചറോത്ത് ബാലകൃഷ്ണന്റെ മകന്‍ ബിജു എന്ന പൂവാടന്‍ ബിജേഷ് ( 31), കണ്ണൂര്‍ ദേശാഭിമാനി ഓഫീസ് സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരന്‍ തളിപ്പറമ്പ് ചപ്പാരപ്പടവ് തടിക്കടവിലെ മണിക്കല്‍ അറപ്പയില്‍ കൃഷ്ണന്‍ ( 44), കിഴക്കെ കതിരൂര്‍ പുത്തലത്ത്പൊയില്‍ ഗോവിന്ദന്റെ മകനും പാട്യം ഗ്രാമപഞ്ചായത്ത് മുന്‍ സി.പി.എം അംഗവുമായ മുച്ചിറി രാമന്‍ എന്ന എ.രാമചന്ദ്രന്‍ (54) കതിരൂര്‍ ഉക്കാസ്മെട്ടയിലെ കാനത്തില്‍ വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ മുത്തു എന്ന വിജേഷ് (29), കതിരൂര്‍ ഉക്കാസ്മെട്ടയിലെ വലിയപറമ്പത്ത് വല്‍സന്റെ മകന്‍ ജോര്‍ജ്കുട്ടി എന്ന വിജേഷ് (30), കിഴക്കെ കതിരൂര്‍ ബ്രഹ്മാവ്മുക്കിലെ കണ്ണോത്ത് വീട്ടില്‍ രാഘവന്റെ മകന്‍ മനോജ് (32), കിഴക്കെ കതിരൂര്‍ ബ്രഹ്മാവ്മുക്കിലെ മീത്തലെ വലിയോത്ത് ഗോവിന്ദന്റെ മകന്‍ ഷബിത്ത് (29), കൂത്തുപറമ്പ് ആമ്പിലാട്ടെ വാക്കുമ്മല്‍ വീട്ടില്‍ രാജന്റെ മകന്‍ നിട്ടു എന്ന നിജിത്ത് (30), കൂത്തുപറമ്പ് നരവൂരിലെ വാഴയില്‍ വീട്ടില്‍ സിറാജ് ( 35), കൂത്തുപറമ്പ് ആമ്പിലാട്ടെ പൂളക്കണ്ടിപറമ്പത്ത് മുഹമ്മദിന്റെ മകനും ഇപ്പോള്‍ കൂത്തുപറമ്പ് പഴയനിരത്ത് സി.കെ ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ ജാഗ റഹീം എന്ന പി.പി റഹീം( 36) എന്നിവരാണ് കേസിലെ പ്രതികള്‍.
2014 സെപ്തംബര്‍ ഒന്നിന് കാലത്ത് 10.30 മണിയോടെ കതിരൂര്‍ ഉക്കാസ്മൊട്ട തിട്ടയില്‍ മുക്ക്്ല്‍ വെച്ചാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരീക് ശിഷ്യക് പ്രമുഖായിരുന്ന മനോജിനെ(43) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് ഓടിച്ച് വരികയായിരുന്ന ഓംനി വാനിന് ബോംബെറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്.ഓംനി വാനിലുണ്ടായിരുന്ന മനോജിന്റെ സുഹൃത്തും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പാനൂര്‍ നിള്ളങ്ങലെ പ്രമോദിനും പരിക്കേറ്റിരുന്നു. കേസില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 19 പേര്‍ ഇതു വരെ അറസ്റ്റിലായി. നേരത്തെ ക്രൈംബ്രാഞ്ച് സംഘം നല്‍കിയ പ്രതിപട്ടിക തന്നെയാണ് സി.ബി.ഐ സംഘവും അന്വേഷണത്തിന് വേണ്ടി പിന്തുടര്‍ന്നത്.