Sorry, you need to enable JavaScript to visit this website.

ടി. പദ്മനാഭന്‍ സ്മൃതി ഇറാനിയെ നമിക്കാന്‍ കാരണമിതാണ്, കോണ്‍ഗ്രസുകാര്‍ പഠിക്കുമോ...

കൊച്ചി- ഒരു തവണ തോറ്റ ശേഷവും അമേത്തിയില്‍ പോയി മത്സരിച്ച് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി. പദ്മനാഭന്‍. താന്‍ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും, ഇനിയൊട്ട് ആവുകയുമില്ലെന്നും, എന്നാല്‍ തോറ്റശേഷവും അമേത്തിയില്‍ പോയി വിജയം നേടിയ കാര്യത്തില്‍ അവരെ നമിക്കുന്നുവെന്നും ടി. പദ്മനാഭന്‍ പറഞ്ഞു. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച സബര്‍മതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി പദ്മനാഭന്‍.

തോറ്റതിന് ശേഷവും നിത്യവും അവര്‍ ആ മണ്ഡലത്തില്‍ പോയി. അതിന്റെ ഫലം അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് കിട്ടി. അതോടെയാണ് ബഹുമാന്യനായ രാഹുല്‍ജി വയനാട്ടിലേക്ക് വരാന്‍ കാരണമായത്. ഒരു കൂട്ടര്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും സാധിക്കും. അത്തരക്കാര്‍ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ദാരുണമാണെന്നും ടി. പദ്മനാഭന്‍ പറഞ്ഞു.

റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇനി വാദ്ര കൂടി കോണ്‍ഗ്രസിലേക്ക് വരേണ്ട കുറവ് മാത്രമെയുള്ളുവെന്നും ടി. പദ്മനാഭന്‍ പരിഹസിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എം എം ഹസന്‍, എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നീ മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് ടി. പദ്മനാഭന്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്.

എന്നാല്‍ 1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും ഇത്രയും കാലത്തെ പരിചയമുള്ളത് കൊണ്ടാണ് ഇത്തരമൊരു വിമര്‍ശം ഉന്നയിക്കുന്നതെന്നും ടി പദ്മനാഭന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടി.പദ്മനാഭന്റെ വിമര്‍ശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

 

 

Latest News