തിരുവനന്തപുരം- പകല്‍ താപനില ഗണ്യമായി ഉയര്‍ന്നതോടെ കേരളം ചുട്ടുപൊള്ളുന്നു. പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. കോട്ടയം ഉള്‍പ്പെടെ ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ വന്‍ ചൂടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അത്യുഷ്ണത്തിനു കാരണം അന്തരീക്ഷ എതിര്‍ച്ചുഴലിയെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം പറയുന്നു. പകല്‍ താപനില 40 ഡിഗ്രി കടക്കാനും സാധ്യത.
കോട്ടയത്തിനു പുറമേ കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണു മുന്നറിയിപ്പ്. മിക്കവാറും സ്ഥലങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ പ്രതീക്ഷിക്കാം. എന്നാല്‍, അത്യുഷ്ണ സാഹചര്യമുള്ള ആറു ജില്ലകളില്‍ ഇന്ന് രണ്ട്-മൂന്ന് ഡിഗ്രിവരെ ചൂട് കൂടാം. രണ്ടുദിവസം ഇതു തുടരും. 12 മുതല്‍ നാലു വരെയാകും ചൂട് കൂടുതല്‍. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.