തിരുവനന്തപുരം-ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. എന്തായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധനവാണ് ബസുടമകള്‍ പ്രധാനമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബസ് യാത്രാ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് കടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം. മൂന്ന് ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ മ്മേളനത്തില്‍ പറഞ്ഞു.