Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഇതെന്തൊരു ചൂട്,  കേരളത്തില്‍ സൂര്യാഘാത മുന്നറിയിപ്പ് 

തിരുവനന്തപുരം- കോഴിക്കോട്ട് ഇന്നലെ ഉച്ചയ്ക്ക് പൊരിഞ്ഞ ചൂടായിരുന്നു. പതിവില്ലാത്ത ഉഷ്ണത്തില്‍ ജനം റോഡരികിലെ വത്തക്ക സ്റ്റാളുകളില്‍ ഓടിക്കയറി ആശ്വാസം കണ്ടെത്തി. കൂള്‍ ബാറുകളില്‍ ജീരക സോഡയ്ക്കും മിന്റ് ലൈമിനും ആവശ്യക്കാരേറെയായിരുന്നു. അതേസമയം, കേരളത്തില്‍  ഇന്നും താപനില ഉയരാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. . ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ കോഴിക്കോട്, പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്തെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യത ഉണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജന്‍സികളും കൊടും ചൂട് പ്രവചിക്കുന്നു. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. .
വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വര്‍ഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത്തവണ സംസ്ഥാനത്ത് വേനല്‍മഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ, ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കി. .
 

Latest News