ജിദ്ദ- സ്‌നേഹ സൗഹൃദങ്ങളുടെ പൂമരമാണ് നിലം പതിച്ചതെന്നും സുകൃതം ചെയ്ത ഒരു മഹാജീവിതത്തിന്റെ ഉടമയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മത നിരപേക്ഷ രംഗത്ത് കനത്ത നേതൃശൂന്യതയാണ് ബാക്കി വെച്ചതെന്നും മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ അഭിപ്രായപ്പെട്ടു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിൽ വലിയ ഒരു ഇരിപ്പിടമാണ് പാണക്കാട് തങ്ങൾ കുടുംബത്തിനുള്ളതെന്നും 13 വർഷം മുസ്ലിം ലീഗിനെ നയിച്ച സൗമ്യനായ ഒരു മാർഗദർശിയാണ് അസ്തമിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശറഫിയ്യ ഇമ്പാല വില്ലയിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
തങ്ങൾ മരണപെട്ട ദിവസം തന്നെ ജിദ്ദ കെ.എം.സി.സി മയ്യിത്ത് നമസ്‌കാരവും അനുശോചനവും സംഘടിപ്പിച്ചിരുന്നു. പ്രവർത്തി ദിവസമായിട്ടു പോലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. പിന്നീട് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വീണ്ടും മയ്യിത്ത് നമസ്‌കാരത്തിന് സൗകര്യമൊരുക്കുകയായിരുന്നു.
ജിദ്ദയിലെ പ്രമുഖ സൗദി കുടുംബാംഗവും പാണക്കാട് തങ്ങൾ കുടുംബവുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുകയും നാട്ടിൽ തങ്ങളുടെ കൊടപ്പനക്കൽ വീട് സന്ദർശിക്കുകയും ചെയ്ത ശൈഖ് ഉസ്മാൻ അൽഅമൂദിയുടെ പ്രസംഗം തങ്ങി കൂടിയ ജനങ്ങളുടെ കണ്ണുകൾ ഈറനണിയിച്ചു.
ജിദ്ദയിലെ മലയാളി സംഘടനാ നേതാക്കളായ ടി.എം.എ. റഊഫ്, ഡോ. ഇസ്മായിൽ മരുതേരി. അലി ഫൈസി പാവണ്ണ, വി.പി. മുസ്തഫ, സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), അബ്ദുറഹ്മാൻ (നവോദയ), പി.പി. അബ്ദുറഹീം (ന്യൂ ഏജ് ഫോറം), അബൂബക്കർ ദാരിമി ആലംപാടി (ജിദ്ദ ഇസ്‌ലാമിക് സെന്റർ), മുഹ്‌യുദ്ദീൻ അഹ്‌സനി (ഐ.സി.എഫ്), ശ്രീജിത്ത് കണ്ണൂർ, ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, അബ്ദുൽമജീദ് നഹ, നസീർ ബാവ കുഞ്ഞ്, അൻവർ വടക്കാക്കര, നാസർ ചാവക്കാട് (ഐ.ഡി.സി), നാസർ എടവനക്കാട്, മജീദ് പുകയൂർ, സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് കളരാന്തരി, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, റസാഖ് അണക്കായി, ജലാൽ തേഞ്ഞിപ്പാലം, സിറാജ് കണ്ണവം, മുഹമ്മദലി മുസ്‌ലിയാർ, സുബൈർ വാണിമേൽ എന്നിവർ പ്രസംഗിച്ചു.