കൊച്ചി- ടാറ്റു പതിപ്പിക്കുന്നതിന്റെ മറവിൽ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോ ഉടമയുമായ പി.എസ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും. കൊച്ചിയിലെ കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽവച്ച് 2019ൽ സുജീഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച ഇവർ പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. യൂത്ത് എക്‌സ്‌ഞ്ചേ് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു യുവതി. സുജീഷിനെതിരെ പല യുവതികളും മീടു പോസ്റ്റിലൂടെ പരാതി നൽകിയ വിവരം അറിഞ്ഞതിനെ തുടർന്നാണ് താനും പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഇമെയിൽ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ വിദേശ വനിത വ്യക്തമാക്കുന്നു. ടാറ്റു ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു പുരുഷ സുഹൃത്താണ് സുജീഷിന്റെ ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ കൊണ്ടു പോയത്. ടാറ്റു വര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുജീഷ് മുറിയിൽ സ്ഥലസൗകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷ സുഹൃത്തിനെ മുറിക്ക് പുറത്താക്കി. ഇതിനു ശേഷം തന്നെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഉപദ്രവം വർധിച്ചതോടെ സുഹൃത്തിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. വീഡിയോ കോൺഫറൻസിലൂടെ വനിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് കമ്മീഷണർ അറിയിച്ചു. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
വിദേശ വനിത കൂടി പരാതി നൽകിയതോടെ സുജീഷിനെതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി.നിലവിൽ ചേരാനല്ലൂർ സ്‌റ്റേഷനിൽ രണ്ടും പാലാരിവട്ടം സ്‌റ്റേഷനിൽ നാല് കേസും സുജീഷിനെതിരെയുണ്ട്. ആദ്യ രണ്ടു കേസുകളിൽ ലൈംഗിക പീഢനവും മറ്റ് കേസുകളിൽ ലൈംഗിക പീഢന ശ്രമവുമാണ് ആരോപിച്ചിരിക്കുന്നത്. പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഈ മാസം അഞ്ചിനാണ് ലൈംഗിക പീഡനകേസിൽ സുജീഷ് അറസ്റ്റിലായത്. സുജീഷിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായതിനാൽ മൊഴി നൽകാൻ പിന്നീട് വരാമെന്നാണ് രണ്ട് യുവതികൾ അറിയിച്ചിരിക്കുന്നത്.