കണ്ണൂർ - അഞ്ചു സംസ്ഥാനങ്ങളിലെ ദയനീയ തോൽവിക്ക് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ കെ.സി.വേണുഗോപാലിന്റെ മേൽ കെട്ടിവെക്കുന്ന രീതിയിൽ രൂക്ഷ വിമർശനമുയർത്തുന്നവയാണ് പോസ്റ്ററുകൾ.
ശ്രീകണ്ഠപുരം, എരുവേശ്ശി തുടങ്ങിയ മലയോര മേഖലകളിലാണ് വ്യാപകമമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ ഒരുവാചകം. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ . അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ മറ്റൊരു വാചകം. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകൂ എന്നും പോസ്റ്ററിൽ വിമർശനമുണ്ട്. കോൺഗ്രസ് പാർട്ടിയെ വിറ്റുതുലച്ച വേണുവിനെ ഒഴിവാക്കൂ, കോൺഗ്രസ്സിനെ രക്ഷിക്കൂ എന്നും പോസ്റ്ററുകളിലുണ്ട്.
വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചെമ്പേരി, പയ്യാവൂർ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമാണ് കെ.സി.വേണുഗോപാൽ. രാഹുൽ ഗാന്ധിയുൾപ്പെടെ കോൺഗ്രസിന്റെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം.
അതേസമയം, പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പോസ്റ്റർ പതിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചു.