ജിദ്ദ - മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ജിദ്ദ ചോക്കലേറ്റ്, കോഫി എക്‌സിബിഷന് ഹിൽട്ടൻ ഹോട്ടലിൽ തുടക്കം. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ടൂറിസം, കൾച്ചറൽ സമിതി പ്രസിഡന്റ് അബ്ദുല്ല ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തേക്ക് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആസൂത്രണം ചെയ്ത പരിപാടികളുടെ ഭാഗമായാണ് വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ചോക്കലേറ്റ്, കോഫി എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്.
സൗദി കാപ്പി (ഖഹ്‌വ) വർഷമായി ഈ കൊല്ലം ആചരിക്കാനുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ചാണ് ചോക്കലേറ്റ്, കോഫി എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. മേഖലയിൽ കാപ്പി, ചോക്കലേറ്റ് നിർമാതാക്കളുടെയും ഇറക്കുമതിക്കാരുടെയും കാപ്പി, ചോക്കലേറ്റ് സേവന ദാതാക്കളുടെയും പ്രധാന വേദിയായി മാറാനാണ് എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന കാപ്പി, ചോക്കലേറ്റ് നിർമാതാക്കളും ഇറക്കുമതിക്കാരും സേവന ദാതാക്കളും എക്‌സിബിഷനിൽ പങ്കെടുക്കുന്നു. കാപ്പി ഉപയോഗിച്ചുള്ള പെയിന്റിംഗ് അടക്കം വൈവിധ്യമാർന്ന പരിപാടികളും എക്‌സിബിഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്.