ഐസ്‌ലൻഡ് - ചെസിൽ ഇന്ത്യയുടെ അത്ഭുതബാലൻ തൃശൂർ സ്വദേശി നിഹാൽ സരിൻ ഗ്രാൻഡ്മാസ്റ്റർ പദവിക്കു തൊട്ടരികിൽ. റെയ്ക്‌യാവിക്കിൽ നടക്കുന്ന ബോബിഫിഷർ മെമ്മോറിയൽ ടൂർണമെന്റിൽ അപരാജിതനായി മുന്നേറിയ നിഹാൽ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ നോം കരസ്ഥമാക്കി. പതിനെട്ടുകാരന് ഒരു നോം കൂടി നേടിയാൽ ഗ്രാൻഡ്മാസ്റ്റർ പട്ടം അലങ്കരിക്കാം.
ഒരു റൗണ്ട് മാത്രം അവശേഷിക്കെ നിഹാലിന് എട്ടു കളികളിൽ ആറു പോയന്റായി. 2731 എന്ന ഉയർന്ന അന്തർദേശീയ റേറ്റിംഗാണ് ഇപ്പോൾ നിഹാലിന്. രണ്ടു ഗ്രാൻഡ്മാസ്റ്റർമാരേയും ഒരു വനിതാ ഗ്രാൻഡ്മാസ്റ്ററേയും പരാജയപ്പെടുത്തിയ നിഹാൽ ശക്തരായ മൂന്നു ഗ്രാൻഡ്മാസ്റ്റർമാരെ സമനിലയിൽ തളച്ചു. ഇതിൽ മുൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റായ അമേരിക്കയുടെ ഗതാ കാംസ്‌കിയും ഈ ടൂർണമെന്റിലെ ഒന്നാം സീഡ് ഹംഗേറിയൻ ഗ്രാൻഡ്മാസ്റ്റർ റിച്ചാർഡ് റാപ്പോർട്ടും ഉൾപ്പെടും. തുർക്കി ഗ്രാൻഡ്മാസ്റ്റർ മുസ്തഫയിൽമാസിനെ സമനിലയിൽ തളച്ചാണ് സെക്കൻഡ് നോമിനുള്ള പെർഫോമൻസ് റേറ്റിംഗ് ആയ 2600 നിഹാൽ മറികടന്നത്.
2014 ൽ ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടന്ന ലോക അണ്ടർ-10 കിരീടം ചൂടിയ നിഹാൽ തൊട്ടടുത്ത വർഷം 12 വയസിനു താഴെയുള്ളവർക്കുള്ള ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പായി. 2017ൽ മോസ്‌കോയിൽ നടന്ന ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ പട്ടം സ്വന്തമാക്കി. അതേ വർഷം നോർവേയിൽ ഒമ്പതു കളികളിൽ അപരാജിതനായി ഗ്രാൻഡ്മാസ്റ്റർ നോം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന ബഹുമതിക്ക് അർഹനായി. 12 വയസും ഒമ്പതുമാസവും മൂന്നു ദിവസവുമായിരുന്നു പ്രായം. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ലോക യൂത്ത് ഒളിമ്പ്യാഡിൽ സ്വർണ മെഡലും നിഹാൽ സ്വന്തമാക്കി.
അണ്ടർ-14 ലോക ഒന്നാം നമ്പർ താരമായി ലോക ചെസ് ഫെഡറേഷൻ നിഹാലിനെ റാങ്ക് ചെയ്തിട്ടുണ്ട്. 2016ൽ അസാമാന്യനേട്ടങ്ങൾ കരസ്ഥമാക്കിയ ബാലപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡും നിഹാൽ കരസ്ഥമാക്കിയിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോ. സരിൻ-ഡോ. ഷിജി ദമ്പതികളുടെ മകനാണ്. തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.