ജിദ്ദ- കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കുള്ള നവീകരിച്ച ലൗഞ്ച് സൗദിയ ഉദ്ഘാടനം ചെയ്തു. സൗദി വിമാനത്താവളങ്ങൾ വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം തുടർച്ചയായി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ലൗഞ്ച് സൗദിയ നവീകരിച്ചത്. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയിലെ വിമാനത്താവളങ്ങളിലൂടെ സൗദിയയിൽ യാത്ര ചെയ്ത ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. ആറു മണിക്കൂർ മുതൽ പന്ത്രണ്ടു മണിക്കൂർ വരെ ജിദ്ദ എയർപോർട്ടിൽ തങ്ങേണ്ടിവരുന്ന ട്രാൻസിറ്റ് യാത്രക്കാരെയാണ് പുതിയ ലൗഞ്ചിൽ സ്വീകരിക്കുക. യാത്രക്കാരുടെ വിശ്രമത്തിന് ആവശ്യമായ എല്ലാവിധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യും. ലോഞ്ചിലെ ബിസിനസ് സെന്ററിൽ യാത്രക്കാർക്ക് ഉപയോഗിക്കുന്നതിന് മൂന്നു കംപ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. വൈഫൈ, മൊബൈൽ ഫോൺ ചാർജറുക ൾ, മൊബൈൽ ഫോണുകളും സ്മാർട്ട് ഫോണുകളും ചാർജ് ചെയ്യുന്നതിനുള്ള വൈദ്യുതി പോർട്ടുകൾ, ഏറ്റവും മികച്ച സെൻട്രലൈസ്ഡ് എയർ കണ്ടീഷനർ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഡിപ്പാർച്ചർ ടെർമിനലിൽ നവീകരിക്കുകയും മറ്റു ഗെയ്റ്റുകളിൽ നിന്ന് വേർതിരിക്കുകയും ചെയ്ത ഏഴും എട്ടും നമ്പർ ഗെയ്റ്റുകളും സൗദിയ ഉദ്ഘാടനം ചെയ്തു.
യാത്രാ നടപടികളും സുരക്ഷാ പരിശോധനയും എളുപ്പമാക്കുന്നതിന് ശ്രമിച്ചാണ് ഈ രണ്ടു ഗെയ്റ്റുകളും നവീകരിക്കുകയും മറ്റു ഗെയ്റ്റുകളിൽ നിന്ന് വേർതിരിക്കുകയും ചെയ്തത്.
സൗദിയ ഗ്രൗണ്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് റാശിദ് അൽഅജമി, ജിദ്ദ എയർപോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽമുഹ്‌സിൻ അൽശൈഖ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.