മക്ക - കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മക്കയിൽ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും വിശ്വാസികളുടെ കടുത്ത തിരക്ക്. ഇരു ഹറമുകളിലും ലക്ഷക്കണക്കിന് വിശ്വാസികൾ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തു. രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ഹറമുകൾ ഇത്രയും വലിയ തിരക്കുകൾക്ക് സാക്ഷ്യംവഹിക്കുന്നത്.
രണ്ടു വർഷത്തെ കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് സാമൂഹിക അകലം ഇല്ലാതെയും ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താതെയും നമസ്‌കാരത്തിനുള്ള പെർമിറ്റില്ലാതെയും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കാൻ തുടങ്ങിയ ശേഷം ഇരു ഹറമുകളിലും ആദ്യമായി നടന്ന ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ മക്ക, മദീന നിവാസികൾക്കു പുറമെ സൗദിയിലെ മറ്റു നഗരങ്ങളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തി. ആൾക്കൂട്ടത്തിന്റെ നീക്കങ്ങൾ നിയന്ത്രിക്കാനും സേവനങ്ങൾ നൽകാനും, ഇരുപത്തിനാലു മണിക്കൂറും അണുനശീകരണ, ശുചീകരണ ജോലികൾ നടത്തി ആരോഗ്യകരമായ സാഹചര്യം ഒരുക്കാനും ഹറംകാര്യ വകുപ്പ് ശക്തമായ ശ്രമങ്ങൾ നടത്തി.
വിശുദ്ധ കഅ്ബാലയത്തോടു ചേർന്ന മതാഫും ഹറമിന്റെ അടിയിലെ നിലയും ഉംറ തീർഥാടർക്കു വേണ്ടി നീക്കിവെച്ചിരുന്നതായി ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി എൻജിനീയർ ഉസാമ അൽഹുജൈലി പറഞ്ഞു. ഹറമിന്റെ മുഴുവൻ മുറ്റങ്ങളും വിശ്വാസികൾക്കു മുന്നിൽ തുറന്നിരുന്നു. ഉംറ തീർഥാടകർക്കു വേണ്ടി കിംഗ് ഫഹദ്, അജ്‌യാദ്, അൽസലാം കവാടങ്ങൾ നീക്കിവെച്ചു. ഈ മൂന്നു ഗെയ്റ്റുകളിലൂടെയും തീർഥാടകർക്ക് എളുപ്പത്തിൽ നേരെ മതാഫിൽ എത്താൻ സാധിക്കുമെന്നും എൻജിനീയർ ഉസാമ അൽഹുജൈലി പറഞ്ഞു.
فيديو | مشاهد لأداء أول صلاة جمعة في الحرمين الشريفين بلا تباعد بعد عامين من الجائحة#برنامج_120#الإخبارية pic.twitter.com/RxM7LiZPmk
— قناة الإخبارية (@alekhbariyatv) March 11, 2022