Sorry, you need to enable JavaScript to visit this website.

ഷമി പാക് വനിതയിൽനിന്ന്  പണം പറ്റിയെന്ന് ആരോപണം

  • അന്വേഷണത്തിന് ബോർഡ് ഉത്തരവിട്ടു

മുംബൈ - പെയ്‌സ്ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസീൻ ജഹാൻ നടത്തിയ പരാതിയിൽ അന്വേഷണം നടത്താൻ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റിന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ) മേധാവി വിനോദ് റായ് നിർദേശം നൽകി. ഒരു ബ്രിട്ടിഷ് പൗരൻ ദുബായിലെ പാക്കിസ്ഥാനി വനിത വഴി അയച്ച പണം ഷമി സ്വീകരിച്ചതായി ഹസീൻ ജഹാൻ ആരോപിച്ചിരുന്നു. ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും ഷമിക്കെതിരെ ജഹാൻ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 
പരസ്ത്രീബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഷമി പണം സ്വീകരിച്ച കാര്യം സമ്മതിച്ചതെന്നാണ് ജഹാൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിംഗ് ജഹാൻ പുറത്തുവിട്ടിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ഷമി പ്രശ്‌നങ്ങൾ വ്യക്തിപരമായി പറഞ്ഞുതീർക്കാമെന്ന് ജഹാനോട് നിർദേശിച്ചിട്ടുണ്ട്. 
ജഹാൻ പരാതിയുമായി ആദ്യം രംഗത്തുവന്ന ദിവസം കളിക്കാരുടെ കരാർ പട്ടികയിൽനിന്ന് ബി.സി.സി.ഐ ഷമിയെ നീക്കിയിരുന്നു. ഷമിയുടെ യാത്രാ പദ്ധതികളെക്കുറിച്ച് അറിയാൻ കൊൽക്കത്ത പോലീസും ബി.സി.സി.ഐയെ ബന്ധപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം ഷമി ദുബായിൽ തങ്ങിയെന്ന ജഹാന്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് പോലീസ് ആരാഞ്ഞു. 
താനും ഷമിയും തമ്മിലുള്ളതെന്നു പറഞ്ഞ് പുറത്തുവിട്ട സംഭാഷണത്തിൽ ഭർത്താവിനോട് എന്തിനാണ് ദുബായിൽ തങ്ങിയതെന്ന് ജഹാൻ ചോദിക്കുന്നുണ്ട്. ബ്രിട്ടനിൽ നിന്ന് മുഹമ്മദ് ഭായി അയച്ച പണം അലിസ്ബയിൽ നിന്ന് സ്വീകരിക്കാനെന്നാണ് ഷമി പ്രതികരിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് അഴിമതി വിരുദ്ധ യൂനിറ്റിനോട് സി.ഒ.എ നിർദേശിച്ചിരിക്കുന്നത്. ബി.സി.സി.ഐയുടെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  
അതിനിടെ, ജഹാൻ നേരത്തെ വിവാഹിതയായിരുന്നുവെന്നും അതിൽ രണ്ട് കുട്ടികളുണ്ടെന്നുമുള്ള വിവരം പുറത്തുവന്നു. കൊൽക്കത്തയിൽനിന്ന് 250 കി.മീ അകലെയുള്ള സുരിയിൽ പലചരക്കു കട നടത്തുകയാണ് ഇപ്പോൾ ആദ്യ ഭർത്താവ് ശെയ്ഖ് സെയ്ഫുദ്ദീൻ. 2010 ലാണ് ജഹാനെ വിവാഹമോചനം ചെയ്തതെന്ന് സെയ്ഫുദ്ദീൻ വെളിപ്പെടുത്തി. ഷമിയുമായുള്ള വിവാഹം വരെ രണ്ട് പെൺമക്കളും കോടതി ഉത്തരവ് പ്രകാരം ജഹാന്റെ കൂടെയായിരുന്നു. ജഹാന്റെ വിവാഹ ശേഷം മക്കൾ പിതാവിനടുത്ത് തിരിച്ചെത്തി. മൂത്ത പെൺകുട്ടി ഇപ്പോൾ പതിനൊന്നാം ക്ലാസിലാണ്. രണ്ടാമത്തേത് ആറിലും. മക്കൾക്ക് ഷമിയെ ഇഷ്ടമാണെന്ന് സെയ്ഫുദ്ദീൻ പറയുന്നു. തനിക്ക് ഇപ്പോൾ ബന്ധമില്ലാത്ത സ്ത്രീയെക്കുറിച്ച് ആളുകൾ ചോദിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ജഹാനും ഷമിക്കും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും സെയ്ഫുദ്ദീൻ പറഞ്ഞു. 

Latest News