തിരുവനന്തപുരം- കേന്ദ്ര അംഗീകാരം ലഭിച്ചില്ലെങ്കിലും കെ-റെയിലിന് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി ബജറ്റില്‍ മാറ്റി വെച്ചു. കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 16 കോടി രൂപ നീക്കിവെക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം പറഞ്ഞത്.
വ്യവസായ നയത്തില്‍ കാതലമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ഉറപ്പാക്കും. ഇതിനായി സംരഭക മൂലധനഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന. വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. കപ്പയില്‍ നിന്ന് മദ്യമുണ്ടാക്കുന്ന പദ്ധതിയും നടപ്പാക്കും.