റിയാദ് - തായ്‌ലന്റിലേക്കുള്ള യാത്രാ വിലക്ക് നീക്കിയെങ്കിലും സൗദി പൗരന്മാര്‍ക്ക് ഇന്ത്യ അടക്കം 15 രാജ്യങ്ങളിലേക്ക് ഇപ്പോഴും യാത്രാ വിലക്കുള്ളതായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തുര്‍ക്കി യാത്രക്ക് ഇപ്പോഴും വിലക്കുണ്ടോയെന്ന സൗദി പൗരന്മാരില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ലെബനോന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ ഡെമോക്രാറ്റിക്, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് കൊറോണ വ്യാപനം കാരണം സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ജവാസാത്ത് പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുന്‍കരുതല്‍ നടപടികള്‍ ഈ മാസം അഞ്ചു മുതല്‍ സൗദി അറേബ്യ എടുത്തുകളഞ്ഞിരുന്നു. സൗദിയിലേക്ക് വരുന്നതിനു മുമ്പായി യാത്രക്കാര്‍ അംഗീകൃത പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആന്റിജന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്.
വിസിറ്റ് വിസകളില്‍ സൗദിയിലേക്ക് വരുന്നവര്‍ സൗദിയില്‍ തങ്ങുന്ന കാലത്ത് മുഴുവന്‍ കൊറോണ ചികിത്സാ കവറേജ് ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് ബാധകമാക്കിയിരുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍, ഹോം ഐസൊലേഷന്‍ വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.
വിദേശ യാത്ര നടത്തുന്ന സൗദി പൗരന്മാര്‍ മൂന്നു ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നു മാസത്തിലധികം പിന്നിടാത്തവര്‍ക്കും തവക്കല്‍നാ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നതു പ്രകാരം വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കപ്പെട്ട വിഭാഗങ്ങള്‍ക്കും ഇത് ബാധകമല്ല.
പതിനാറില്‍ കുറവ് പ്രായമുള്ളവര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. പന്ത്രണ്ടില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണ വൈറസിനെതിരായ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. യാത്ര പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ബാധകമാക്കിയ ആരോഗ്യ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സ്വദേശികളോട് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.