അബുദാബി- റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് മറുപടിയെന്നോണം 2022 അവസാനത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും അവസാനിപ്പിക്കാൻ ബ്രിട്ടൻ തയാറെടുക്കുന്നു. പകരം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനം. ബ്രിട്ടീഷ് ബിസിനസ്, എനർജി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്വാസി ക്വാർട്ടെംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ബ്രിട്ടൻ എണ്ണയുടെയും എണ്ണ ഉൽപന്നങ്ങളുടെയും പ്രധാന നിർമാതാവാണെന്നും കൂടാതെ എണ്ണ ഉൽപന്നങ്ങളുടെ ഗണ്യമായ കരുതൽ ശേഖരം രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യക്ക് പകരം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർത്തി രാജ്യത്തിന്റെ എണ്ണ ആവശ്യം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, അമേരിക്ക, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായും എണ്ണ ഇറക്കുമതി കരാർ ഉണ്ടെന്നും ക്വാർട്ടെംഗ് കൂട്ടിച്ചേർത്തു.
ബ്രിട്ടന്റെ എണ്ണ ഇറക്കുമതിയുടെ എട്ടു ശതമാനം റഷ്യയിൽ നിന്നായതിനാൽ ഇതിന് പകരം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിന് വിപണികൾക്കും വിതരണ ശൃംഖലകൾക്കും കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടൻ റഷ്യൻ പ്രകൃതി വാതകത്തെ ആശ്രയിക്കുന്നില്ലെങ്കിലും മൊത്തം ആവശ്യത്തിന്റെ നാല് ശതമാനം റഷ്യയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഇത് പൂർണമായും അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തങ്ങൾ പഠിക്കുകയാണെന്നും ക്വാസി ക്വാർട്ടെംഗ് പറഞ്ഞു.
റഷ്യക്കെതിരെയുള്ള ആദ്യ നടപടി എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറക്കുമതി നിർത്താനുള്ള തീരുമാനത്തെ വിശേഷിപ്പിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണയെയും വാതകത്തെയും ഉപേക്ഷിക്കുന്നതിനെ കുറിച്ച് ബ്രിട്ടൻ ഒരു കാലത്തും ചിന്തിച്ചിരുന്നില്ല. യൂറോപ്യൻ രാജ്യങ്ങൾ അത്രമാത്രം റഷ്യയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയെ ആശ്രയിക്കുന്നതിന് പകരം ഗൾഫ് രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരുമ്പോൾ ഉപഭോക്താക്കൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാത്ത വിധത്തിൽ സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ബിസിനസ് സെക്രട്ടറി കൂട്ടിച്ചേർത്തു.