Sorry, you need to enable JavaScript to visit this website.

സൗദി ഗതാഗത സഹായ പദ്ധതി 1,20,000 പേർ പ്രയോജനപ്പെടുത്തി

റിയാദ്- സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കുള്ള ഗതാഗത സഹായ പദ്ധതിയായ 'വുസൂൽ' കഴിഞ്ഞ വർഷം 1,20,000 പേർ പ്രയോജനപ്പെടുത്തിയതായി ഓൺലൈൻ ടാക്‌സി കമ്പനിയായ യൂബർ നടത്തിയ പഠനത്തിൽ കണ്ടെത്തി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ട് 2017 ൽ ആണ് സൗദി മാനവശേഷി, വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും യൂബറും സഹകരിച്ച് 'വുസൂൽ' പദ്ധതി ആരംഭിച്ചത്. 
നാലു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ വനിതാ ശാക്തീകരണത്തിന് പദ്ധതി സഹായിച്ചതായി യൂബർ നടത്തിയ പഠനത്തിൽ കണ്ടെത്തി. നാലു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 36 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ തൊഴിൽ സ്ഥിരതക്കും പദ്ധതി സഹായകമായി. 'വുസൂൽ' പദ്ധതി പ്രയോജനപ്പെടുത്തിയവരിൽ 88 ശതമാനം പേരും ജോലി നിലനിർത്തി. കൂടുതൽ മെച്ചപ്പെട്ട ജോലികൾ ലഭിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ നേടാനും 'വുസൂൽ' പദ്ധതി തങ്ങളെ പ്രാപ്തരാക്കിയതായി, നേരത്തെ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നവരിൽ 80 ശതമാനം പേരും പറഞ്ഞു. 
തൊഴിൽ സുരക്ഷാ വികാരം ശക്തമാക്കാൻ പദ്ധതി സഹായിച്ചതായി 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. പണം ലാഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും തങ്ങളെ സഹായിച്ചതാണ് പദ്ധതിയുടെ പ്രധാന നേട്ടമെന്ന് സർവേയിൽ പങ്കെടുത്ത 49 ശതമാനം വനിതകൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 1,20,000 ലേറെ സൗദി വനിതകൾ 'വുസൂൽ' പദ്ധതി പ്രയോജനപ്പെടുത്തി. ഇവർ ജോലി സ്ഥലങ്ങളിലേക്കും തിരിച്ചുമായി ആകെ രണ്ടു കോടിയിലേറെ യാത്രകൾ നടത്തി. ഇതിൽ ഭൂരിഭാഗവും യൂബർ ടാക്‌സികളിലായിരുന്നു. 
പദ്ധതി ആരംഭിച്ച് ആദ്യ വർഷം തന്നെ ഗുണഭോക്താക്കളുടെ എണ്ണം 13,000 ആയി ഉയർന്നതായും യൂബർ പഠന റിപ്പോർട്ട് പറഞ്ഞു. കൂടുതൽ പേർക്ക് പ്രയോജനപ്പെടാൻ ലക്ഷ്യമിട്ടും രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ ശ്രമിച്ചും പദ്ധതിയിൽ സമീപ കാലത്ത് പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രതിമാസ ഗതാഗത സഹായം 800 റിയാലിൽ നിന്ന് 1,100 റിയാലായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 6,000 റിയാലും അതിൽ കുറവും വേതനം ലഭിക്കുന്ന സൗദി വനിതകൾക്കാണ് ഗതാഗത ധനസഹായമായി പരമാവധി 1,100 റിയാൽ വരെ ലഭിക്കുക. 
6,001 റിയാൽ മുതൽ 8,000 റിയാൽ വരെ വേതനം ലഭിക്കുന്നവർക്ക് ഗതാഗത സഹായമായി പരമാവധി 800 റിയാലാണ് ലഭിക്കുക. പദ്ധതി കാലാവധി 12 മാസത്തിൽ നിന്ന് 24 മാസമായി ഉയർത്തിയിട്ടുമുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരികളുടെ ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാ ചെലവിന്റെ 80 ശതമാനമാണ് പദ്ധതി വഴി മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുക. അവശേഷിക്കുന്ന തുക ഗുണഭോക്താക്കൾ സ്വയം വഹിക്കണം. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് അനുയോജ്യവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കാനും തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തം ഉയർത്താനും ലക്ഷ്യമിട്ടാണ് ലൈസൻസുള്ള ഓലൈൻ ടാക്‌സി കമ്പനികളുമായി സഹകരിച്ച് 'വുസൂൽ' പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കുന്നത്. 
സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സംവിധാനത്തിന്റെ അഭാവം സ്വകാര്യ മേഖലയിലെ ജോലി സ്വീകരിക്കാൻ സൗദി വനിതകൾക്ക് പ്രതിബന്ധമായി മാറുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്താനും ലക്ഷ്യമിട്ടാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. 2017 നവംബറിലാണ് 'വുസൂൽ' പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.
-------

Latest News