Sorry, you need to enable JavaScript to visit this website.

കമ്പനി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി

റിയാദ് - റിയാദിൽ പ്രവർത്തിക്കുന്ന കോൺട്രാക്ടിംഗ് കമ്പനിയിലെ തൊഴിലാളികൾക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാൽ ഈടാക്കി നൽകി. സൗദികളും വിദേശികളുമായ കമ്പനിയിലെ 114 തൊഴിലാളികൾ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തേടി റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗത്തിന് കൂട്ടപരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി കമ്പനി ആസ്ഥാനം സന്ദർശിച്ച് കമ്പനിയധികൃതരുമായി അനുരഞ്ജന ചർച്ചകൾ നടത്തിയാണ് തൊഴിൽ കേസിന് തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം രമ്യമായി പരിഹാരം കണ്ടത്. കമ്പനിയുമായുള്ള തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനും വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താത്ത വാർഷിക അവധി ഇനത്തിലെ അലവൻസും വിതരണം ചെയ്യാനും ധാരണയുണ്ടാക്കിയാണ് തൊഴിൽ പരാതിക്ക് പരിഹാരം കണ്ടത്. 
സമീപ കാലത്ത് നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം സൗദിയിൽ തൊഴിൽ പരാതികൾ അതത് പ്രവിശ്യകളിലെ ലേബർ ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗങ്ങൾക്കാണ് നൽകേണ്ടത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും ചർച്ചകൾ നടത്തി പരാതികൾക്ക് രമ്യമായി പരിഹാരം കാണാൻ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗങ്ങൾക്ക് 21 ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഇതിനകം പരിഹാരം കാണാൻ കഴിയാത്ത പരാതികൾ വിചാരണ ചെയ്ത് വിധി പ്രസ്താവിക്കാൻ ലേബർ കോടതികൾക്ക് കൈമാറുകയാണ് ചെയ്യുക. 
സ്വകാര്യ മേഖലാ ജീവനക്കാർക്ക് ആരോഗ്യ പരിചരണം ഏർപ്പെടുത്താതിരിക്കുന്നതിനെതിരെ തൊഴിലുടമകൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് തൊഴിലുടമകൾ ആരോഗ്യ പരിചരണം ലഭ്യമാക്കണമെന്ന് തൊഴിൽ നിയമത്തിലെ 144 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഇത് പാലിക്കാതിരിക്കുന്നത് ശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണ്. വേതന വിതരണത്തിന് കാലതാമസമുണ്ടാക്കുന്നതും തൊഴിൽ നിയമ ലംഘനമാണ്. തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത ആപ് വഴി പരാതികൾ നൽകാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.

Latest News