കൊച്ചി-ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിലെ പ്രതികൾ രണ്ടാഴ്ചത്തെ സാമൂഹിക സേവനം ചെയ്യണമെന്നു ഹൈക്കോടതി. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിലെ രണ്ട് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് സീനിയർ വിദ്യാർഥികൾക്കാണ് ഹൈക്കോടതി നിർബന്ധിത സാമൂഹിക സേവനത്തിനു ഉത്തരവിട്ടത്. തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. സർക്കാർ ആശുപത്രിയിൽ പല വിധത്തിലുള്ള സാമൂഹിക - സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് കോടതി ഉത്തരവ്. റാഗിങിന്റെ പേരിൽ വിദ്യാർഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് പ്രതികൾക്കെതിരെയുള്ള ആരോപണം. റെയിൽവേ ട്രാക്കിനു സമീപത്തുവെച്ച് വിദ്യാർഥികളിൽ ഒരാളുടെ മൂക്കിന് ഇടിച്ചു പരിക്കേൽപിച്ചുവെന്നുമായിരുന്നു ആരോപണം. കേസിലെ വാദികളും പ്രതികളും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. ജൂനിയർ വിദ്യാർഥികളോട് പ്രതികൾ ക്രൂരമായാണ് പെരുമാറിയതെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ സാമൂഹിക സേവനം നടത്തുന്നതിനു നിർദേശിക്കണമെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് കോടതി സാമൂഹിക സേവനത്തിനു നിർദേശം നൽകിയത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സാമൂഹിക സേവനത്തിനു പങ്കെടുക്കുന്നതിനു ഹാജരാവാണമെന്നാണ് കോടതിയുടെ നിർദേശം. ജനറൽ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു പ്രതികൾ ചെയ്യേണ്ട സാമൂഹിക പ്രവർത്തനം സംബന്ധിച്ചു തീരുമാനിക്കണമെന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്കു നിർദേശം നൽകി. ഓരോ ദിവസവും ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും രണ്ടാഴ്ച സേവനം നടത്തണമെന്നാണ് കോടതി ഉത്തരവ്. പ്രതികൾ സാമൂഹിക സേവനം നടത്തിയെന്നു തെളിയിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കി.