Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാരസെറ്റമോൾ അധികം കഴിക്കരുതേ.... വൃക്ക തകരാറിലാവും മുന്നറിയിപ്പുമായി ഡോക്ടർ

കോട്ടയം- പാരസെറ്റമോൾ അധികം കഴിക്കരുതേ.... വൃക്ക തകരാറിലാവും.  മുന്നറിയിപ്പുമായി കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും വൃക്കരോഗ വിഭാഗം മേധാവിയുമായ ഡോ.കെ.പി. ജയകുമാർ. സാധാരണ പനിക്കും മറ്റു കഴിച്ചാൽ കുഴപ്പമില്ല. എന്നാൽ അലർജിക്കും മറ്റുമായി സ്ഥിരം കഴിച്ചാൽ പ്രശ്‌നമാകുമെന്നും ഡോക്ടർ അറിയിച്ചു. ലോക വൃക്കദിനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പത്തിലൊരാൾ വൃക്കരോഗിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത രണ്ടു പതിറ്റാണ്ടിൽ  ലോകത്തിലെ അഞ്ചാമത്തെ മാരകമായ അസുഖമായി വൃക്കരോഗം മാറും. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം അർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്ന രോഗമായി കഴിഞ്ഞിരിക്കുന്നു വൃക്കരോഗം. വൃക്ക രോഗങ്ങൾ നിശ്ശബ്ദ കൊലയാളികളാണെന്ന കാര്യം പലർക്കും അറിയില്ല. സമീപഭാവിയിൽ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ  വിലയിരുത്തൽ. വൃക്കരോഗം ഏതു പ്രായത്തിലുള്ളവർക്കും പിടിപെടാം. എന്നാലും പ്രമേഹം, ഉയർന്ന രക്തസമ്മർദം, പാരമ്പര്യമായി വൃക്കരോഗമുള്ള കുടുംബാംഗങ്ങൾ, പ്രായമായവർ, പ്രമേഹവും ഉയർന്ന രക്തസമ്മർദവും പാരമ്പര്യമായി ഉള്ളവർ എന്നിവർക്ക് വൃക്കരോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. 
ഇന്ന് സമൂഹത്തിൽ പത്തിലൊരാൾ വൃക്കരോഗ ബാധിതനാവുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രോഗികളുടെ എണ്ണത്തിൽ രണ്ടിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. 
ഗർഭസ്ഥ ശിശു മുതൽ മുതിർന്നവർക്ക് വരെ രോഗബാധയുണ്ട്. ഇന്ത്യയിൽ 13-15 ശതമാനത്തിനും ഇടയിലാണ് ഓരോ വർഷവും രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇതിൽ 80 ശതമാനം പേർക്കും തങ്ങൾ വൃക്കരോഗ ബാധിതരാണ് എന്ന് തിരിച്ചറിയാനാവില്ല എന്നതാണ് സ്ഥിതി. ശ്വാസംമുട്ടലോ, മൂത്രസംബന്ധമായ അസുഖമോ മൂലം ചികിത്സ തേടിയെത്തുമ്പോഴേക്കും രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കും. 
1,75,000ത്തോളം രോഗികൾ വർഷം തോറും ഡയാലിസിസിനോ, വൃക്ക മാറ്റിവെയ്‌ക്കേണ്ട സ്ഥിതിയിലേക്കോ എത്തിപ്പെടുന്നുണ്ട്. രാജ്യത്ത് ഇപ്പോൾ നാലായിരത്തോളം ഡയാലിസിസ് കേന്ദ്രങ്ങളാണുള്ളത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സെന്ററുകൾ കൂടി ആരംഭിക്കേണ്ട സ്ഥിതിയാണുള്ളത്.
വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തിൽ 2006 മുതൽ ലോക വൃക്ക ദിനം ആചരിച്ചുവരുന്നത്. അതോടൊപ്പം, വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യ പ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്നതിനും ലോക വൃക്കദിനം പ്രാധാന്യം നൽകുന്നു. എല്ലാ മനുഷ്യർക്കും ആരോഗ്യം, എല്ലാവർക്കും ആരോഗ്യമുള്ള വൃക്കകൾ എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനത്തിന്റെ പ്രമേയം. 
ഫലപ്രദമായ രോഗലക്ഷണ നിർവഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 
ശരീരത്തിന്റെ ആന്തരികമായ സന്തുലനത്തിൽ വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും വൃക്കകൾക്ക് പങ്കുണ്ട്. 
മുതിർന്നവരിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് വൃക്കരോഗം ഉണ്ടാവാനുള്ള കാരണങ്ങൾ. മാത്രമല്ല, അമിതമായ വേദന സംഹാരികളുടെ ഉപയോഗവും വൃക്കരോഗ സാധ്യതയേറ്റുന്നുണ്ട്. 
താൽക്കാലികമായങ്കിലും പാമ്പുകടിയേറ്റോ, മറ്റ് അസുഖം മൂലമോ വൃക്കരോഗ ബാധിതനായ ഒരാൾക്ക് പിന്നീട് സ്ഥിരമായി രോഗബാധയുണ്ടാവാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ തന്നെ വൃക്കരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഏതാനും കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക എന്നത്. 
കൂടാതെ, പുകവലി ഉപേക്ഷിച്ചും മിതമായ വ്യായാമം ചെയ്തും ആഹാര രീതിയിൽ മാറ്റങ്ങൾ വരുത്തിയും ആരോഗ്യകരമായ ജീവിതചര്യകൾ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. ചില ഹൈ റിസ്‌ക് ഘടകങ്ങളായ അമിത വണ്ണം, രക്താതിസമ്മർദം ഉള്ളവരും കുടുംബത്തിൽ വൃക്കരോഗികൾ ഉള്ളവരും ഇടയ്ക്കിടെ വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും. 
ആദ്യഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്താനായാൽ ഒരു പരിധി വരെ സ്ഥിതി ഗുരുതരമാവുന്ന സ്ഥിതി ഒഴിവാക്കാനാവും. എന്നാൽ ഗുരുതരമായ സ്ഥിതിയിലേക്കെത്തുന്നവരിൽ ഡയാലിസിസും വൃക്ക മാറ്റിവെയ്ക്കലും മാത്രമാണ് പോംവഴി. 
ഇതിൽ തന്നെ ഡയാലിസിസ് ജീവൻ രക്ഷോപാധി എന്ന് പറയാനാവില്ല. ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുക എന്ന പ്രക്രിയ മാത്രമാണിത്.  
അവയവ മാറ്റിവെയ്ക്കൽ സാർവത്രികമാവാത്തതും ഭീമമായ ചികിത്സാ ചെലവുമാണ് രോഗികളെ ഏറെ തളർത്തുന്നത്. 
അതുകൊണ്ട് തന്നെ സർക്കാർ ഇടപെട്ട് അർബുദ, ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നൽകുന്ന പരിരക്ഷ വൃക്കരോഗികളുടെ കാര്യത്തിലും സാധ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News